
കുവൈറ്റ് സിറ്റി: രാജ്യത്ത് ഒമിക്രോണിന്റെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഇതുപ്രകാരം കുവൈറ്റില്‍ അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തു ചേരലുകള്‍ക്കും പൊതു പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തി. പൊതുപരിപാടികള്‍ക്കുള്ള വിലക്ക് ജനുവരി നാല് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊതു സുരക്ഷാ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറജ് അല്‍ സൗബി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം ഉണര്‍ത്തി.
അടുത്ത ഞായറാഴ്ച മുതല്‍ ഫെബ്രുവരി 28 വരെ അടച്ചിട്ട പ്രദേശങ്ങളിലെ ഒത്തു ചേരലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. വീടുകളിലും സ്ഥാപനങ്ങളിലും ഫാമുകളിലും മറ്റും നടക്കുന്ന ആഘോഷ പരിപാടികള്‍ക്കും ചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പുവരുത്തണം. അതിനുള്ള സംവിധാനം ഉടമകള്‍ തന്നെ ഏര്‍പ്പെടുത്തണം. മാളുകളിലേക്കും മാര്‍ക്കറ്റുകളിലേക്കും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി നാല് ചൊവ്വാഴ്ച മുതല്‍ കുവൈറ്റിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‍കി. കോവിഡ് പ്രതിരോധത്തിനു മേല്‍നോട്ടം വഹിക്കുന്ന സുപ്രീം കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ ശിപാര്‍ശയിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഒത്തു ചേരലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഖാലിദ് അല്‍ ജാറല്ല ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യം മെച്ചപ്പെടുന്ന മുറയ്ക്ക് നിയന്ത്രണങ്ങള്‍ പുനപ്പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ ഇന്നലെയും വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. 982 പേര്‍ക്കാണ്തിങ്കളാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആക്റ്റീവ് കോവിഡ് കേസുകള്‍ 4773 ആയി. 171 പേര്‍ക്ക് ഇന്ന് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനകം 419,314 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇവരില്‍ 412,073 പേര്‍ രോഗ മുക്തി നേടി. ഇന്നലെ പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിനകം 2468 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് വാര്‍ഡുകളില്‍ 35 പേരും ഐസിയുവില്‍ എട്ടു പേരും ചികില്‍സയില്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഉടന്‍ തിരിച്ചു വരാന്‍ കുവൈറ്റ് പൗരന്മാര്‍ക്ക് വിദേശ കാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്‍, ഇറ്റലി എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ള പൗരന്‍മാര്‍ക്കാണ് തിരികെയെത്താന്‍ അതത് രാജ്യങ്ങളിലെ എംബസികള്‍ വഴി നിര്‍ദേശം നല്‍കിയത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. ഈ രാജ്യങ്ങളിലേക്ക് യാത്രക്കൊരുങ്ങുന്ന പൗരന്‍മാരോട് യാത്ര താല്‍ക്കാലികമായി മാറ്റിവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ രാജ്യങ്ങളില്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ എത്രയും വേഗം അവര്‍ നാട്ടിലേക്ക് തിരികെയെത്തണം എന്നുമാണ് നിര്‍ദ്ദേശം.
അടുത്ത ആഴ്ച നടക്കുന്ന മിഡ് ടേം പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ ഒന്നുകില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇവയില്‍ ഏതെങ്കിലും ഒന്നുമായി വരുന്നവരെ മാത്രമേ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. വാക്‌സിന്‍ എടുക്കാത്തവര്‍ പരീക്ഷ നടക്കുന്ന ഓരോ ആഴ്ചയിലും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മുഴുവന്‍ സമയത്തും മാസ്‌ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇതിന് അനുസൃതമായി പരീക്ഷാ ഹാളിലെ സീറ്റുകള്‍ സജ്ജീകരിക്കണം. സാനിറ്റൈസ് ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കണം. മൊബൈല്‍ ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരീക്ഷാ ഹാളില്‍ അനുവദിക്കില്ലെന്നും മന്ത്രാലയം സര്‍ക്കുലറില്‍ വ്യക്തമാക്കി.