
ജിദ്ദ: സൗദി അറേബ്യയില്‍ പുതുതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നു. രാജ്യത്ത് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കൊവിഡ് രോഗബാധ ക്രമാതീതമായി ഉയരുന്നത്.
സൗദി ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കൊവിഡിന്റെ ഉയര്‍ന്ന രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മൊഹമ്മദ് അല്‍- അബ്ദ് അല്‍- അലി പറഞ്ഞു. ജനങ്ങള്‍ വാക്‌സിന്‍ ഡോസുകളും ബൂസ്റ്റര്‍ ഡോസുകളും സ്വീകരിക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം വാര്‍ത്താ സമ്മേളനത്തിനിടെ ഊന്നിപ്പറഞ്ഞു. അതോടൊപ്പം വാക്‌സിന്‍ എടുക്കാന്‍ യോഗ്യരായ കുട്ടികള്‍ മുന്നോട്ട് വരേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ 5 നും 11 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ കൊടുക്കുന്നത് ആരോഗ്യ വിഭാഗം ആരംഭിച്ചിട്ടുണ്ട്. വൈറസില്‍ നിന്ന് ഉയര്‍ന്ന അപകടസാധ്യത ഉള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിന് വാണിജ്യ ബിസിനസുകളില്‍ നിന്ന് എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് സൗദി വാണിജ്യ മന്ത്രാലയം വക്താവ് അബ്ദുള്‍ റഹ്മാന്‍ അല്‍ ഹുസൈന്‍ ഇതേ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഒരു സ്ഥാപനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ അംഗീകൃത തവാല്‍ക്കനാ ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് സ്‌കാന്‍ ചെയ്യുന്നതിനായി വാണിജ്യ ബിസിനസുകള്‍ ബാര്‍കോഡുകള്‍ നടപ്പാക്കേണ്ടതുണ്ട്. ഈ ആപ്പിലൂടെ ഉപഭോക്താക്കളുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിശോധിക്കേണ്ട ചെറിയ വാണിജ്യ ബിസിനസുകളുടെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കൊവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് എടുത്തതിന്റെ രേഖ സമര്‍പ്പിക്കാതെ വാണിജ്യ ബിസിനസുകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നിബന്ധന ഫെബ്രുവരി മുതല്‍ നടപ്പിലാകും. കൊവിഡ് രോഗബാധയെ കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കാനാണ് തവാല്‍ക്കനാ ആപ്പ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയത്. വാക്‌സിനേഷന്‍ വിവരങ്ങള്‍, രാജ്യത്തിനകത്തും പുറത്തും ഉപയോഗിക്കുന്നതിനായി ഒരു കൊവിഡ് പാസ്‌പോര്‍ട്ട് ആയി തവാല്‍ക്കനാ ആപ്പ് ഉപയോഗിക്കുന്നു.
മാസ്‌ക് ധരിക്കല്‍, കൈ വൃത്തിയായി കഴുകല്‍, സ്വയം ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ ജനങ്ങള്‍ പാലിക്കണമെന്ന് അല്‍- അബ്ദ് അല്‍- അലി ഊന്നിപ്പറഞ്ഞു. രാജ്യത്ത് ഇതുവരെ 5,52,795 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 5,40,868 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ മരണസംഖ്യ 8871 ആയി. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. സൗദിയില്‍ ഇതുവരെ 49,597,752 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,951,756 എണ്ണം ആദ്യ ഡോസും 23,068,475 എണ്ണം സെക്കന്‍ഡ് ഡോസുമാണ്.