തിരുവനന്തപുരം: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നാളെ രാത്രി മുതൽ നിലവിൽ വരും. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയുള്ള നിയന്ത്രണം ഞായറാഴ്ച വരെയാണ്.
10 മണിക്ക് ശേഷം തീയേറ്ററുകളിലും ആരാധനാലയങ്ങളിലും നിയന്ത്രണമുണ്ട്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഒമൈക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
സംസ്ഥാനത്ത് ഇന്നലെ ഏഴ് പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 64 ആയി ഉയർന്നു. ഇതും നിയന്ത്രണങ്ങൾ കർശനമാക്കാൻ കാരണമായിട്ടുണ്ട്.
പുതുവത്സര സമയത്ത് ജനങ്ങൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. നാളെ മുതൽ ജനുവരി 2 വരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും.
പുതുവത്സരദിനത്തിൽ രാത്രി 10 മണിക്ക് ശേഷം ആൾക്കൂട്ടവും ആഘോഷങ്ങളും അനുവദിക്കില്ല. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബാറുകൾ എന്നിവയിൽ നേരത്തെയുള്ളതു പോലെ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. തീയേറ്ററുകളിൽ നാളെ മുതൽ രണ്ടാം തീയതി വരെ രാത്രി പ്രദർശനമുണ്ടാകില്ല.