തിരുവനന്തപുരം: ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യമുണ്ടായാല്‍ സ്കൂളുകളുടെ പ്രവർത്തനം വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിൽ നിലവിൽ ഗുരുതര പ്രശ്നങ്ങളില്ല. വിദഗ്ധർ അടയ്ക്കണമെന്ന് പറഞ്ഞാൽ അതനുസരിച്ച് തീരുമാനമെടുക്കുമെന്നും ശിവൻകുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.
“സ്കൂള്‍ തുറന്ന അന്നു മുതല്‍ ഇന്നു വരെ ഒരു പ്രശ്നവുമില്ലാതെ പോവുകയാണ്. ഇനി ഒമിക്രോണിന്‍റെ എണ്ണം കൂടി സ്കൂള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാവുമെന്ന നിലയില്‍ വിദഗ്ധരുടെ അഭിപ്രായം വന്നാല്‍ അതുകൂടി പരിഗണിച്ച് തീരുമാനമെടുക്കും”- മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹി, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ സ്കൂളുകളും കോളജുകളും അടച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10ആം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കി. രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്ന് ഒരു ലക്ഷത്തിനടുത്തെത്തി. 90,928 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 6.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 325 പേര്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 4,82,876 ആയി. പ്രതിദിന കോവിഡ് കണക്ക് 56.5 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 19,206 പേര്‍ രോഗമുക്തരായി. ഒമിക്രോണ്‍ കേസുകളുടെ എണ്ണം 2630 ആയി. 26 സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.