Spread the love
സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനം..!? കോഴിക്കോട് പരിശോധിച്ച 51 ല്‍ 38 ഉം ഒമിക്രോണ്‍ ബാധിതർ

തിരുവനന്തപുരം:
സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനമുണ്ടായെന്ന് സൂചന നല്‍കി പരിശോധനാ ഫലം. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്ക്രീനിംഗ് ടെസ്റ്റിലാണ് വ്യാപകമായ ഒമിക്രോണ്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് പോസിറ്റീവായ 51 പേരില്‍ നടത്തിയ എസ്ജിടിഎഫ് സ്ക്രീനിംഗ് ടെസ്റ്റില്‍ 38 പേരുടെ (75 %) ഫലം പോസിറ്റീവായി. ഒമിക്രോണ്‍ സ്ഥിരീകരിച്ച 38 പേരില്‍ ആരും വിദേശയാത്ര നടത്തുകയോ, വിദേശത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ അല്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപന ഉണ്ടായെന്നാണ് കണക്കുകള്‍ ചൂണ്ടി ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ഇത്രയും പേര്‍ക്ക് ഒമിക്രോണ്‍ ഉണ്ടെന്നത് സമൂഹത്തില്‍ കൂടുതല്‍പേര്‍ ഒമിക്രോണ്‍ ബാധിതരാണെന്നതിന്‍റെ സൂചനയാണെന്ന് ക്രിട്ടിക്കല്‍ കെയര്‍ വിദ​ഗ്ധനായ ഡോ. അനൂപ് കുമാര്‍ പറഞ്ഞു. വരുന്ന രണ്ടാഴച്ചക്കുള്ളില്‍ ഒമിക്രോണ്‍ കേസുകള്‍ വളരെ വേഗത്തില്‍ പടര്‍ന്നേക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധര്‍ വിശദീകരിക്കുന്നത്. കൊവിഡ് രോ​ഗികളുടെ എണ്ണം നാല്‍പ്പതിനായിരത്തിനും അമ്പതിനായിരത്തിനും മുകളില്‍ പോവാനും ടിപിആര്‍ 50 ശതമാനത്തിന് മുകളിലെത്താനുള്ള സാധ്യതയുണ്ടെന്നും ആരോ​ഗ്യവിദഗ്ധര്‍ പറയുന്നു.

കൊവിഡ് പോസിറ്റീവായി വരുന്നവരില്‍ സ്ക്രീനിം​ഗ് ടെസ്റ്റ് നടത്തി ഒമിക്രോണ്‍ ബാധിതരുണ്ടോയെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് വലിയ തോതില്‍ വ്യാപനം ഉണ്ടാവുമെന്ന മുന്നറിയിപ്പാണ് വിദ​ഗ്ധര്‍ നല്‍കുന്നത്. ഒമിക്രോണ്‍ സാമൂഹിക വ്യാപനമെന്നത് ആരോ​ഗ്യവകുപ്പ് സമ്മതിക്കുന്നില്ലെങ്കിലും കണക്കുകള്‍ പ്രകാരം സാമൂഹിക വ്യാപനമുണ്ടായെന്നാണ് ആരോ​ഗ്യവിദ​ഗ്ധര്‍ പറയുന്നത്.

Leave a Reply