ഒമിക്രോൺ: രാജ്യത്ത് ആദ്യ മരണം സ്ഥിരീകരിച്ചു
ന്യൂഡൽഹി: രാജ്യത്ത് കൊറോണയുടെ വകഭേദമായ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. മഹാരാഷ്‌ട്ര സ്വദേശിയായ 52 കാരനാണ് മരിച്ചത്. നൈജീരിയയിൽ നിന്നുമാണ് ഇയാൾ സംസ്ഥാനത്ത് എത്തിയത്.
കൊറോണ ബാധിച്ച് ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസമാണ് ഇയാൾ ആശുപത്രിയിൽവെച്ച് മരിച്ചത്. എന്നാൽ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു നിഗമനം. പിന്നീട് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് ഒമിക്രോൺ ആണെന്ന് സ്ഥിരീകരിച്ചത്.
നിലവിൽ 450 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. വ്യാഴാഴ്ച മാത്രം 198 പേർക്ക് ഒമിക്രോൺ ഉള്ളതായി കണ്ടെത്തി. ഇതിൽ 190 പേരും മുംബൈയിൽ ആണ്.