ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വെല്ലുവിളി ഉയര്‍ത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മന്‍കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. ലോകത്ത് ഒമിക്രോണ്‍ വകഭേദം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചാകും പ്രധാനമായും മോദി മന്‍ കി ബാത്തില്‍ പ്രതിപാദിക്കുക. കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാഗ്രത നിര്‍ദേശം ലഭിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളും വിദേശ യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ എല്ലാം നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇതിന് പുറമെ മുംബൈ വിമാനത്താവളത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്റീനും ഏര്‍പ്പെടുത്തി. ഉത്തരാഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രിമാര്‍ പ്രത്യേകം യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
ഒമിക്രോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഇന്നലെ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.