തിരുവനന്തപുരം: ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന സർക്കാർ എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് മറ്റ് എന്ത് പകരം നൽകിയാലും അത് മതിയാകില്ല. എങ്കിലും ദുരിതത്തിൽ സർവ്വതും നഷ്ടപ്പെട്ടവരെ കൈപിടിച്ചുയർത്തേണ്ടതുണ്ട്. 2018 ൽ പ്രളയം ഉണ്ടായപ്പോൾ കേരളമൊട്ടാകെ ഒറ്റക്കെട്ടായി ദുരന്തബാധിതരെ സഹായിക്കാൻ തയ്യാറായി. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് സഹായഹസ്തം ആ ഘട്ടത്തിൽ നീണ്ടു.
അതുപോലെതന്നെ വയനാട്ടിൽ ഇപ്പോൾ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാൻ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണ്. പല വിധത്തിൽ സഹായങ്ങൾ പ്രഖ്യാപിച്ച് ഇതിനോടകം പലരും മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും മതിയാകില്ല. കൂടുതൽ സഹായങ്ങൾ ഉണ്ടെങ്കിൽ മാത്രമേ എല്ലാ തരത്തിലും നമുക്ക് ആ നാടിനെ പുനർനിർമ്മിക്കാൻ സാധിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകി അവരെ സഹായിക്കാൻ പങ്കാളികളാകണം.സി. എം.ഡി.ആർ.ഫിലേക്ക് 50 ലക്ഷം കേരള ബാങ്ക് ഇക്കാര്യത്തിൽ ഇപ്പോൾ തന്നെ നൽകിയിട്ടുണ്ട്. സിയാൽ 2 കോടി രൂപ വാഗ്ദാനം നൽകി.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 5 കോടി രൂപ സഹായമായി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട്ടിൽ ഉണ്ടായ ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു പരിപാടികളും ആഘോഷങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ദേശീയപതാക താഴ്ത്തിക്കെട്ടി ദുഃഖാചരണത്തിന്റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു