കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎല്‍എക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് പൊലീസിന് കൈമാറിയ റിപ്പോർട്ട് പ്രകാരം ഇരുമ്പ് കാലുകൾ ഉറപ്പിച്ചിരുന്നത് കോൺക്രീറ്റ് ഇഷ്ടികയ്ക്ക് മുകളിലാണ്. കൈവരികൾ സ്ഥാപിക്കാതിരുന്നത് അപകടത്തിന് കാരണമായി. കോൺക്രീറ്റ് കട്ടകൾ പൊടിഞ്ഞുപോകാൻ സാധ്യതയുണ്ടായിരുന്നു. അങ്ങനെയെങ്കിൽ സ്റ്റേജ് തകരുമായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. അശാസ്ത്രീയമായ നിർമാണമാണ് നടത്തിയതെന്നും പിഡബ്യൂഡി പൊലീസിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം വിഷയത്തിലെ വിവിധ പാളിച്ചകളെ കുറിച്ച് വ്യാപക ചർച്ചകളും വിമർശനങ്ങളുമാണ് പൊതുജനങ്ങൾക്കിടയിൽ നടക്കുന്നത്. സ്റ്റേജ് ദുർബലമായി നിർമിച്ചതും സ്റ്റേജിന്‍റെ മുൻ ഭാഗത്തിന് ചെരിവുണ്ടായിരുന്നതും ഇത്രവലിയ പരിപാടിയിൽ സംഭവിച്ചുവെന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് പലരും പറയുന്നത്. ‘വലിയ പൊക്കത്തിൽ ഒരു സ്റ്റേജൂം അതിൽ നിറയെ കസേരകളും നടക്കാൻ പോലും വഴിയുമില്ല. മുന്നിൽ സ്റ്റീൽ കുറ്റികളിൽ റിബൺ പിടിച്ചു കെട്ടിയിട്ടുണ്ട്. അതും തൊട്ടാൽ വീഴും. ഇതൊക്കെ സംഭവിക്കുന്നത് മന്ത്രി, എംപി, എംഎൽഎ, തുടങ്ങി ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർ വരെ സന്നിദ്ധരായ വേദിയിലാണ് എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല’ എന്നാണ് പലരും പറയുന്നത്.
വേദിയിൽ നിന്നിരുന്ന സ്ത്രീയെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഉമതോമസ് കാലിടറി താഴേക്ക് വീണത്. റിബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം എംഎൽഎയും താഴേക്കു വീഴുകയായിരുന്നു. തൊട്ടടുത്ത കസേരയിൽ സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയും മന്ത്രി സജി ചെറിയാനും ഉണ്ടായിരുന്നു. ഇരുവരും നോക്കിനിൽക്കെയായിരുന്നു അപകടം. സംഘാടകരുടെ ഭാഗത്തുനിന്നു വലിയ വീഴ്ചയാണു സംഭവിച്ചതെന്നു ദൃശ്യങ്ങളിൽ വ്യക്തമാണ്.