ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാപ്രവർത്തനം മൂന്നാംദിനത്തിൽ രണ്ട് ദിവസമായി നടന്ന രക്ഷാപ്രവർത്തനത്തിൽ 1596 പേരെയാണ് രക്ഷിക്കാനായത്. ഇന്ന് സൈന്യത്തിന്‍റെ ബെയ്‌ലി പാലം ഒരുങ്ങുന്നതോടെ രക്ഷാപ്രവർത്തനത്തിന്‍റെ വേഗത കൂടും. രക്ഷാപ്രവർത്തനത്തിനെത്തിയ സൈന്യത്തിനൊപ്പം ഇന്ന് ഡോഗ് സ്ക്വാഡും ഉണ്ട്.
ഇപ്പോൾ രക്ഷാപ്രവർത്തനത്തിന് 1167 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. മൃതദേഹങ്ങൾ കണ്ടെത്താൻ കെ 9 ടീമിനെയും നിയോഗിച്ചിട്ടുണ്ട്. കേരള പൊലീസിന്റെ കഡാവർ നായകളും തെരച്ചിലിനുണ്ട്. അതേസമയം, മണ്ണിനടിയിലുള്ളവരെ കണ്ടെത്താൻ ഐബോഡ് ഉപയോഗിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് റിട്ട മേജർ ജനറൽ ഇന്ദ്രബാലന്റെ സംഘത്തിന്റെ സഹായം കേരളം തേടിയിട്ടുണ്ട്. രക്ഷാപ്രവർത്തകർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാൻ നാവികസേനയും രംഗത്തുണ്ട്.
രാത്രിയിലും തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണി പൂർത്തീകരിച്ചാൽ ജെസിബി വരെയുള്ള വാഹനങ്ങൾ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.
ചൂരൽ മലയിൽ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാൽ പാലത്തിൻ്റെ തൂൺ സ്ഥാപിക്കുന്നതിൽ പ്രയാസമുണ്ട്. അതാണ് പാലത്തിൻ്റെ പണി വൈകാൻ കാരണം. പുഴയിൽ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിൻ്റെ ബലമുറപ്പിക്കാനുള്ള തൂൺ സ്ഥാപിക്കാനാണ് സൈന്യത്തിൻ്റെ ശ്രമം. രാവിലെയോടെ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാവുമെന്നാണ് കരുതുന്നത്. എങ്കിലും ഉച്ചയോടെ മാത്രമേ പാലത്തിന് മുകളിൽ ഇരുമ്പ് തകിടുകൾ വിരിക്കാനാവൂ. അതിന് ശേഷമേ വാഹനങ്ങൾക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാവൂ.