കോമഡി വേഷങ്ങളിലൂടെ തുടങ്ങി വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടനാണ് ബാലു വർഗീസ്. ലാൽജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന സിനിമയിൽ ബാലതാരമായാണ് ബാലു അഭിനയ രംഗത്തേക്കെത്തുന്നത്. ഇന്ദ്രജിത്ത് അവതരിപ്പിച്ച കുമാരൻ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലവുമായിരുന്നു സിനിമയിൽ ബാലു ചെയ്തത്. ഇപ്പോഴിതാ തന്റെ അരങ്ങേറ്റ ചിത്രത്തിന്റെ അനുഭവങ്ങൾ ഒരു സ്വകാര്യ മാധ്യമവുമായി പങ്കുവെക്കുകയാണ് ബാലു.
‘യാദൃച്ഛികമായാണ് ആ കഥാപാത്രം എന്നിലേക്ക് വന്നത്. ഇന്ദ്രേട്ടന്റെ (ഇന്ദ്രജിത്ത്) ചെറുപ്പം ചെയ്യാൻ പറ്റുന്ന ഒരുകുട്ടിക്കായി അന്വേഷിച്ചുകൊണ്ടിരിക്കുമ്പോൾ നിറമൊന്നുമില്ലെങ്കിലും നുണക്കുഴി വെച്ച് അഡ്ജസ്റ്റ് ചെയ്ത് സിനിമയിൽ വന്നതാണ് ഞാൻ. പക്ഷേ എനിക്ക് നല്ല പണിയാണ് ആ സിനിമയില്‍ കിട്ടിയത്. ആദ്യ ദിവസം അര്‍ത്തുങ്കല്‍ പള്ളിയുടെ മുന്നിലുള്ള കടപ്പുറത്ത് വെച്ചായിരുന്നു ഷൂട്ട്. പോകുന്ന വഴിക്ക് പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചിട്ടാണ് പോകുന്നത്.
ആ സമയം ചെറിയ പയ്യനാണ് ഞാൻ, ഏഴാം ക്ലാസിലോ മറ്റോ ആയിരുന്നു പഠിക്കുന്നത്. കോസ്റ്റ്യൂമൊക്കെ ധരിച്ച് കടപ്പുറത്ത് പോയി നിന്നു. ഇന്നത്തെ പോലെ അന്ന് കാരവാനൊന്നുമില്ല. ആദ്യത്തെ ദിവസം വൈകുന്നേരം വരെ ഇരുന്നു, ഷൂട്ട് ഉണ്ടായില്ല. രണ്ടാം ദിവസവും അത് തന്നെ അവസ്ഥ. മൂന്നാം ദിവസമായപ്പോൾ എന്റെ ദേഹത്തെ തൊലിയൊക്കെ പൊളിഞ്ഞു തുടങ്ങി. ആദ്യത്തെ ദിവസം എക്‌സൈറ്റ്‌മെന്റും പേടിയുമായിരുന്നു. രണ്ടാമത്തെ ദിവസം എക്‌സൈറ്റ്‌മെന്റ് മാറി. മൂന്നാം ദിവസമായപ്പോൾ എങ്ങനെയെങ്കിലും തീർത്തിട്ട് പോയാൽ മതിയെന്നായി.
പക്ഷേ ചെയ്തപ്പോൾ തന്നെ എല്ലാവരും ഹാപ്പിയായി. ലാലു അങ്കിൾ (ലാൽജോസ്) ഒക്കെ സംസാരിച്ചു. അതിൽ ലഭിച്ച ധൈര്യമാണ് സിനിമ നടനാകാനുള്ള ആഗ്രഹത്തിന് കാരണം,’ എന്ന് ബാലു വർഗീസ് പറഞ്ഞു. പുഷ്പക വിമാനം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.