ക്ലാസ് നഷ്ടം മൂലം അധ്യയനം ഇഴയുന്നതിനാൽ പ്ലസ്ടുവിന്റെ ഓണപ്പരീക്ഷ ഓണം കഴിഞ്ഞ് നടത്തുന്നത് ആലോചനയിൽ. പത്താം ക്ലാസ് വരെയുള്ള പരീക്ഷകൾ ഓണത്തിനുമുമ്പ് നടത്താനാണ് സാധ്യത. തീയതി അന്തിമമായി തീരുമാനിക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ല.വിദ്യാഭ്യാസരംഗത്ത് കോവിഡ് ഉണ്ടാക്കിയ താളംതെറ്റിക്കലിന്റെ അവസാനത്തെ കണ്ണികളാണ് ഇപ്പോഴത്തെ പ്ലസ്ടു വിദ്യാർഥികൾ. കഴിഞ്ഞ മാർച്ചിൽ നടക്കേണ്ട പ്ലസ്‌വൺ പരീക്ഷകൾ ജൂണിൽ എഴുതേണ്ടി വന്നവരാണിവർ. പ്ലസ്ടുവിന്റെ സ്‌കീം ഓഫ് വർക്ക് ഇക്കൊല്ലത്തേത് പുറത്തിറക്കിയിട്ടില്ല. 2018-ലെ സ്‌കീം ഓഫ് വർക്കാണ് ഇപ്പോഴും നിലവിലുള്ളത്. ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ പഠിപ്പിച്ചുതീരേണ്ട പാഠഭാഗങ്ങളുടെ വിവരങ്ങളാണിതിലുള്ളത്.