ഓണ നിറവിൽ വിപണിയും വീടുകളും ;പൊന്നോണത്തെ വരവേൽക്കാൻ തയ്യാറെടുത്ത് പ്രവാസികൾ.
ദുബായ് : പടിക്കലെത്തിയ പൊന്നോണത്തെ സമൃദ്ധിയോടെ വരവേൽക്കാൻ ഇന്ന് ഉത്രാടപ്പാച്ചിൽ. ഇന്നലെ വൈകിട്ടു മുതൽ ഒരുക്കങ്ങളുടെ തിരക്കിലാണു പ്രവാസികൾ. ഹൈപ്പർ-സൂപ്പർ മാർക്കറ്റുകളിലും പാതയോരങ്ങളിലും രാത്രി വൈകിയും വൻ തിരക്കനുഭവപ്പെട്ടു. കടകളും കെട്ടിടങ്ങളും ദീപാലംകൃതമായി.
പൂക്കടകളിലും വൻ തിരക്കാണ്. ഫ്ലാറ്റുകളിലും ഓഫിസുകളിലും പൂക്കളമൊരുക്കാൻ കിലോ കണക്കിനു പൂക്കളാണ് പലരും വാങ്ങിയത്. ഓഫിസുകളിൽ വിവിധ രാജ്യക്കാരായ ജീവനക്കാർ ചേർന്നു പൂക്കളമൊരുക്കി.
പല സ്ഥാപനങ്ങൾക്കും നാളെ അവധിയായതും ആഘോഷത്തിന് മാറ്റുകൂട്ടും. ജോലിക്കു പോകേണ്ടവരിൽ വലിയൊരു വിഭാഗം അവധി ഉറപ്പാക്കുകയും ചെയ്തു. നാട്ടിൽ കുടുങ്ങിയവർ മടങ്ങിയെത്താൻ തുടങ്ങിയതിനാൽ ആഘോഷത്തിന് ഇരട്ടിമധുരമാണ്.
കോവിഡ് നിയന്ത്രണങ്ങളുണ്ടെങ്കിലും ആശങ്ക കുറഞ്ഞത് ഓണത്തിന്റെ പൊലിമ കൂട്ടുന്നു. ആഘോഷം ഗംഭീരമാക്കാനാണ് ബാച്ലേഴ്സ് അടക്കമുള്ളവരുടെ തീരുമാനം. ബാച്‌ലേഴ്സ് ഫ്ലാറ്റുകളിൽ മുറികളുടെ അതിരുകളില്ലാതെ എല്ലാവരും ചേർന്നാണ് ഇന്നും നാളെയും പാചകം. നാട്ടിൽ നിന്നു സഹമുറിയന്മാർ ഇനിയുമെത്താത്ത ഫ്ലാറ്റുകളിലുള്ളവർ വൈകിട്ടോടെ ചങ്ങാതിമാരുടെ മുറികളിലേക്ക്. തെക്കൻ, വടക്കൻ, മധ്യ കേരള രുചിക്കൂട്ടുകൾ ഒരുമിക്കുന്ന ആഘോഷം കൂടിയാണ് ഓണം.ദുബായ് അവീർ, വാട്ടർ ഫ്രണ്ട് മാർക്കറ്റുകളിലും ഇതര എമിറേറ്റുകളിലെ പ്രധാന വിപണികളിലും മുൻവർഷത്തേക്കാൾ മികച്ച കച്ചവടമാണു നടന്നതെന്നു വ്യാപാരികൾ പറയുന്നു.
യുഎഇയിലെ കൃഷിയിടങ്ങളിൽ നിന്നു ചീരയടക്കമുള്ള പച്ചക്കറികൾ ലോഡ് കണക്കിനാണ് എത്തിയത്. ഓണം പ്രമാണിച്ച് മാമ്പഴം, പൈനാപ്പിൾ എന്നിവയുടെ കച്ചവടവും കൂടി. കൂടാതെ,പ്രധാന ഹൈപ്പർ മാർക്കറ്റുകളിൽ സദ്യയ്ക്കും പായസത്തിനും ബുക്കിങ് കൂടി. പാലടയ്ക്കു പുറമേ മാമ്പഴം, ചക്ക, പൈനാപ്പിൾ, ഈന്തപ്പഴം, ഗോതമ്പ് എന്നിവ കൊണ്ടുള്ള ‘പ്രഥമന്മാർ’ ഒരുങ്ങുന്നു. റെഡി മെയ്ഡ് പായസക്കിറ്റുകളും വാങ്ങാം. ഹോട്ടലുകൾ ഇരുപതിലേറെ ഏറെ വിഭവങ്ങളുമായി ഗംഭീര സദ്യയുണ്ട്. 25 ദിർഹമാണ് ശരാശരി നിരക്ക്. പായസം മാത്രമായും വാങ്ങാം. പാഴ്സൽ സൗകര്യവുമുണ്ട്.