Spread the love

ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച്‌ പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം.

സംഘകാലത്ത് കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ബുദ്ധമതം പ്രബലമായിരുന്നു. അക്കാലത്ത് മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു. ഈ അവസ്ഥ തീർന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ്. ശ്രാവണത്തിന്റെ പാലി സമാന്തരമാണ് സാവണം. അത് ആദിരൂപം ലോപിച്ച്‌ പാലിയുടെ തന്നെ നയമനുസരിച്ച്‌ ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു. വാണിജ്യത്തിന്റെ ആദ്യനാൾ മുതൽ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകൾ സ്വർണ്ണവുമായി എത്തുകയായി. അതാണ് പൊന്നിൻ ചിങ്ങമാസവും, പൊന്നോണം എന്നീ പേരുകൾക്കും പിന്നിൽ.

എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു.

സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിലാണ് ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മിൽ ഉണ്ടായ വ്യത്യാസത്തിനു കാരണം.

Leave a Reply