ഉരുളെത്തി ഒരു നാടിനെയൊന്നാകെ തുടച്ചുനീക്കുന്ന താരതമ്യപ്പെടുത്താൻ പെടുത്താൻ പോലും മുൻസാഹചര്യങ്ങളില്ലാത്ത മഹാ ദുരന്തം അരങ്ങേറുന്നു. അടുത്തത് എന്തൊക്കെ ചെയ്യാം ? ഉറ്റവരേയും ഉടയവരെയും നഷ്ടപ്പെട്ടവരെ എങ്ങനെ ആശ്വസിപ്പിക്കാം? ഇനിയും കാണാമറയത്തുള്ളവരെ എങ്ങനെ കണ്ടുപിടിക്കും എന്നു തുടങ്ങി കേരളക്കരയെ ആകെ നിസ്സഹായാവസ്ഥയിലാക്കിയ സംഭവങ്ങളാണ് മുണ്ടക്കൈയിലും ചൂരൽമലയിലുമായി നടന്നുകൊണ്ടിരിക്കുന്നത്. എന്നിട്ടും തളരാതെ ഉറ്റവർക്കായി ശേഷിച്ചവർ തിരയുന്നു, മറ്റുചിലർ ജീവനോളം സ്നേഹിച്ചവരെയോർത്ത് വിലപിക്കുന്നു. ഇത്തരത്തിൽ ആത്മാർത്ഥ സുഹൃത്തിനെ നഷ്ടപ്പെട്ട യുവാവിന്റെ കുറിപ്പാണിപ്പോൾ സോഷ്യൽ മീഡിയയിൽ നോവായി അവശേഷിക്കുന്നത്.
ഹംസയുടെ കുറിപ്പ്:
അറ്റമലയിൽ അസ്തമിച്ചത് ആത്മ സ്നേഹം…..
വയനാട്, എനിക്കേറ്റവും ഇഷ്ടപ്പെട്ട നാടേതെന്ന് ചോദിച്ചാൽ ഞാൻ പറയും വയനാടെന്ന്.
കാരണം നന്മയുള്ള മനുഷ്യർ ഏറെയുള്ള നാടാണ് വയനാടെന്നത് കൊണ്ട്.
നൂറിലധികം മനുഷ്യരിന്നലെ വയനാട്ടിലെ ചൂരൽ മലയിലും പരിസര പ്രദേശങ്ങളിലുമായി മരണപ്പെട്ടു, അവരിൽ ഒരാൾ എനിക്ക് പ്രീയപ്പെട്ട പ്രജീഷാണ്.
അറ്റമലയിലെത്തിയാൽ ഞാനാദ്യം കാണുന്നത് ബാലേട്ടനേയും പ്രജീഷിനേയുമാണ്.
ഇവിടത്തെ സ്നോഫ്ലൈക് റിസോട്ടിലെ ജീവനക്കാരനായിരുന്നു പ്രജീഷ്.
രണ്ട് വർഷം മുൻപ് ഞാനാദ്യമായി പ്രജീഷിനെ കണ്ടപ്പോൾത്തന്നെ എനിക്കവനെ ഇഷ്ടമായി, എനിക്ക് ചുറ്റും കൂടിയ ആൾത്തിരക്കിൽ നിന്നും മാറി നിന്ന് എന്നെ നോക്കുന്ന പ്രജീഷിനെ അടുത്തേക്ക് വിളിച്ച് ഞാൻ ചോദിച്ചു എന്താ മാറി നിൽക്കുന്നതെന്ന്….
ഉസ്താദെ എത്രയോ കാലമായി നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു ഇന്ന് യാദൃശ്ഛികമായി കണ്ടല്ലോയെന്ന്.
അതെ പ്രജീഷ് പറഞ്ഞത് ശരിയാണ് ഞാൻ യാദൃശ്ഛികമായി എത്തിയതാണ് അറ്റമലയിൽ. ( അട്ടമല )
അതിന് ശേഷം പിന്നേട് എപ്പോൾ അറ്റമല സ്നോഫ്ലൈക് റിസോട്ടിൽ ചെന്നാലും ഞാൻ പ്രജീഷിനെ കാണും, എനിക്കവൻ നല്ല നാടൻ ഭക്ഷണങ്ങൾ ഉണ്ടാക്കിത്തരും
അറ്റമലയിലെ ചെങ്കുത്തായ മലനിരകൾ കയറിയിറങ്ങി നിബിഢ വനങ്ങളിലേക്ക് എന്നെ കൊണ്ടുപോകും.
അഗാത ഗർത്തങ്ങളിലേക്ക് എന്നെയും കൂട്ടിയിറങ്ങി ഞാൻ അന്വേഷിക്കുന്ന ദിവ്യൗഷധ സസ്യങ്ങളെ കണ്ടെത്താൻ എന്നെ സഹായിക്കും, അത്യ അപൂർവ്വങ്ങളായ ഇത്തരം ചില ഔഷധികൾ എവിടെയാണുള്ളതെന്ന് വ്യക്തമായി അറിയാവുന്ന ആളായിരുന്നു പ്രജീഷ്…..
എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം എന്നോട് സംസാരിക്കുന്ന അളാണ് പ്രജീഷ്.
സ്നോഫ്ലൈകിന്റെ ഉടമകളായ റിയാസിനെ കുറിച്ചും ഹസ്സനെ കുറിച്ചുമൊക്കെ എപ്പോഴും നല്ലത് മാത്രം പറയുന്ന പ്രജീഷ്.
എന്താ കല്യാണം കഴിക്കാത്തതെന്ന് ചോദിച്ചപ്പോൾ പറഞ്ഞത് ഈ ജീവിതമാണ് എനിക്കിഷ്ടമെന്ന് പറഞ്ഞവൻ. പുത്തുമല ഉരുൾ പൊട്ടലുണ്ടായപ്പോൾ രക്ഷപ്രവർത്തനത്തിൽ സജീവമായി പ്രജീഷും ഉണ്ടായിരുന്നു. ഞാനിനി അറ്റമലയിൽ എത്തിയാൽ എന്നെ കൂട്ടി കാട്ടിൽ പോകാൻ പ്രജീഷില്ല…..
റിയാസിനെ ഇന്നലെ രാവിലെ വിളിച്ച് അറ്റമലയിലെ കാര്യങ്ങൾ തിരക്കിയപ്പോൾ പറഞ്ഞത് റിയാസ് കൊച്ചിയിലാണ് ഉള്ളതെന്നാണ്, അറ്റമലയിൽ എന്തെങ്കിലും സഹായമെത്തിക്കണോയെന്ന് ചോദിച്ചപ്പോൾ റിയാസ് പറഞ്ഞത് ഉസ്താദെ അന്വേഷിച്ചിട്ട് പറയാമെന്ന്.
വൈകുന്നേരം റിയാസിന്റെ ഫോൺ വന്നു..
ഉസ്താദെ പ്രജീഷ് പോയെന്ന്, കേട്ടപ്പോൾ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു…..
അറ്റമലയിലെ ആത്മ സ്നേഹമാണ് എനിക്ക് പ്രജീഷ്…..
എവിടെയും പോകുന്നില്ല, നമുക്ക് മുന്നെ അവൻ നടന്നെന്നുമാത്രം…..
ഹംസ.