
മാനന്തവാടി∙ പനവല്ലി കാൽവരി എസ്റ്റേറ്റിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്കു പരുക്ക്. കൂളിവയൽ മേടപറമ്പിൽ സ്വദേശി ബീരാനാണ് (72) പരുക്കേറ്റത്. മുഖത്ത് പരുക്കേറ്റ ബീരാനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരക്കച്ചവടവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റിൽ എത്തിയതായിരുന്നു ബീരാൻ. മരങ്ങളുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിനിടെ ഓടിയെത്തിയ കാട്ടുപോത്ത് ബീരാനെ തട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. ബീരാന്റെ ഒപ്പമുണ്ടായിരുന്ന ജനാർദ്ധനൻ എന്നയാൾക്കും പരുക്കുണ്ട്.