കൽപറ്റ∙ കണ്ണൂർ അയ്യൻകുന്ന് ഞെട്ടിത്തോട്ടിലെ തണ്ടർബോൾട്ട് – മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ. നവംബർ 13നു രാവിലെ 9.50ന് ഉണ്ടായ ഏറ്റുമുട്ടലിൽ കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടതെന്നും ഇതിന് പകരംവീട്ടുമെന്നുമാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
വയനാട് തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിലാണ് പോസ്റ്റർ പതിച്ചത്. ഇന്നലെ രാത്രിയോടെ കോളനിയിലെത്തിയ ആറു പേരുടെ സംഘമാണു 5 പോസ്റ്ററുകളും ഒരു കുറിപ്പും പതിച്ചത്. ഞെട്ടിത്തോട്ടിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾക്ക് പരുക്കേറ്റെന്നാണ് അന്ന് അധികൃതർ പറഞ്ഞത്.
നവംബർ 13ന് കണ്ണൂർ ആറളത്താണ് പൊലീസിന്റെ തണ്ടർബബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ആർക്കും പരുക്കില്ലെന്ന് അന്ന് ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു . എന്നാൽ ചിലർക്ക് പരുക്കേറ്റതായി രണ്ടാമത്തെ ദിവസം അദ്ദേഹം അറിയിച്ചു. അപ്പോൾ തന്നെ മാവോയിസ്റ്റ് സംഘത്തിലെ ചിലർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അത് സ്ഥിരീകരിക്കാൻ പൊലീസ് തയാറായിരുന്നില്ല.