ഒരു വർഷത്തിൽ ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയിലൂടെ ഏകദേശം മൂന്നു മുതൽ അഞ്ചു ലക്ഷം വരെ തൊഴിലവസരം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംരംഭക വർഷം 2022-23 ന്റെ പ്രഖ്യാപനവും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. 120 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ശിൽപശാലകൾ നടത്തും. ആദ്യ ഘട്ടത്തിൽ സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവർക്ക് ബോധവത്ക്കരണം നൽകും. തുടർന്ന് ലൈസൻസ്, വായ്പ, ധനസഹായം എന്നിവ ലഭ്യമാക്കുന്നതിന് മേള സംഘടിപ്പിക്കും. ഏപ്രിൽ മാസത്തിൽ പദ്ധതിയുടെ ഭാഗമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സാങ്കേതിക യോഗ്യതയുള്ള ഇന്റേണുകളെ നിയമിക്കും. വ്യവസായ, തദ്ദേശസ്വയംഭരണ വകുപ്പുകൾ പദ്ധതി പ്രവർത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യവും ഉറപ്പാക്കി അടുത്ത നാലു വർഷത്തിൽ വ്യവസായ മേഖലയിൽ മാത്രം 10,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കും. വ്യവസായ മേഖലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 6380 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. ഇക്കാലയളവിൽ 12443 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ കേരളത്തിൽ പുതിയതായി ആരംഭിച്ചു. ഇതിലൂടെ 1292.62 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. 46228 പേർക്ക് പുതിയതായി തൊഴിൽ ലഭിക്കുകയും ചെയ്തു. പദ്ധതിക്ക് സഹകരണ വകുപ്പിന്റെ എല്ലാവിധ പിന്തുണയും സഹകരണ മന്ത്രി വി. എൻ. വാസവൻ വാഗ്ദാനം ചെയ്തു. പദ്ധതിയുടെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.