അഗളി: അട്ടപ്പാടിയില്‍ യുവാവായ നന്ദകിഷോറിനെ തല്ലിക്കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അട്ടപ്പാടി താവളം സ്വദേശി അനന്തുവിനെ (19) ആണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ 11 പ്രതികളുള്ള കേസില്‍ ഏഴു പേര് പിടിയിലായി. വെള്ളിയാഴ്ച അറസ്റ്റിലായ ആറു പേര് നിലവില്‍ റിമാന്‍ഡിലാണ്.
കൊല്ലപ്പെട്ട നന്ദകിഷോറിന്റെ മരണം തലക്കേറ്റ അടി കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നന്ദകിഷോറിന്റെ ശരീരമാകെ മര്‍ദനമേറ്റ മുറിപ്പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുമ്പ് ഉപയോഗിച്ച് തലയില്‍ അടിച്ചതിനെ തുടര്‍ന്നുണ്ടായ പരിക്കാണ് മരണകാരണമായത്. ഭിന്നശേഷിക്കാരനായ നന്ദകിഷോറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണൂര്‍ സ്വദേശി വിനായകന് ഗുരുതര പരിക്കുകളോടെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച പുലര്‍ച്ചയാണ് കൊലപാതകം നടന്നത്. തോക്ക് വാങ്ങിനല്‍കാമെന്ന് പറഞ്ഞ് അഗളി സ്വദേശിയായ വിപിന്‍ പ്രസാദില്‍ നിന്ന് ലക്ഷം രൂപ വാങ്ങിയത് വിനായകനായിരുന്നു. തോക്ക് എത്തിച്ചു കൊടുക്കാത്തതിനാല്‍ വിനായകനെ തട്ടിക്കൊണ്ടു പോയതറിഞ്ഞ് അന്വേഷിക്കാന്‍ ചെന്ന നന്ദകിഷോറിനെ മദ്യലഹരിയിലായിരുന്ന സംഘം കുറുവടി കൊണ്ട് മര്‍മഭാഗത്ത് മര്‍ദിക്കുകയായിരുന്നു.