തിരുവനന്തപുരം : ഒറ്റരാത്രി പെയ്ത കനത്തമഴ തിരുവനന്തപുരത്തു ജനജീവിതം ദുസ്സഹമാക്കി. കണ്ണമ്മൂല, അഞ്ചുതെങ്ങ്, പുത്തൻപാലം, കഴക്കൂട്ടം, വെള്ളായണി, പോത്തൻകോട് എന്നിവിടങ്ങളിലാണു കനത്തമഴ ജനങ്ങളെ പ്രതിസന്ധിയിലാക്കിയത്. റോഡ് പുഴയായി മാറുകയും വാഹനങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്യുന്ന അവസ്ഥയാണ്. താഴ്ന്നയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. വീടുകളിൽ അടക്കം വെള്ളം കയറുന്ന നിലയിലാണ്.
ഇതാദ്യമായാണ് ഇത്തരത്തില്‍ വെള്ളം കയറുന്നതെന്നു തിരുവനന്തപുരം കണ്ണമ്മൂല സ്വദേശികൾ പറയുന്നു. ‘‘ഇത്തരമൊരു വെള്ളപ്പൊക്കം ഈ ഭാഗത്ത് ഉണ്ടായിട്ടില്ല. പള്ളിച്ചൽ ഭാഗത്തുനിന്നുള്ള വയലുകളിൽനിന്നുള്ള വെള്ളം കുത്തിയൊഴുകുകയാണ്. റോഡു മുറിഞ്ഞു വെള്ളംപോകുന്നത് 25 വർഷത്തിനുശേഷമാണ് കാണുന്നത്’’– വെള്ളായണി സ്വദേശി പറഞ്ഞു. മഴ ദുരിതമായി മാറിയതോടെ നിരവധി കുടുംബങ്ങളെ ക്യാംപുകളിലോട്ടു മാറ്റുകയാണ്.
വെള്ളക്കെട്ടിനൊപ്പം മണ്ണിടിച്ചിലും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോത്തൻകോട് കല്ലുവിളയിൽ മതിലിടിഞ്ഞു യുവാവിനു പരുക്കേറ്റു. ശ്രീകാര്യത്ത് വീടിനുമുകളിലേക്കു മതിലിടിഞ്ഞുവീണു. പുല്ലൻപാറയിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. നെയ്യാറ്റിൻകരയിൽ മരം വീണു. ബാലരാമപുരം നെയ്യാറ്റിൻകര ഹൈവേയിലും വെള്ളംകയറിയിട്ടുണ്ട്. തിരുവനന്തപുരം ടെക്നോപാർക്കിൽ അടക്കം വെള്ളംകയറി. ഗായത്രി ബിൽഡിങ് ഏരിയ വെള്ളക്കെട്ടിലായി. അമ്പലത്തിൻകരയിൽ നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഇവിടെ നിന്നും ഫയർഫോഴ്‍സിന്റെ സഹായത്തോടെ ആളുകളെ മാറ്റുകയാണ്.