ഉപ്പുതറ : മീൻ പിടിക്കാനായി പെരിയാർ തീരത്തെത്തിയ മൂന്നംഗസംഘത്തിലെ ഒരാൾ മുങ്ങിമരിച്ചു. കാഞ്ചിയാർ കിഴക്കേ മാട്ടുക്കട്ട കുറുപ്പക്കൽ സുധാകരൻ (പാപ്പി-45) ആണു മരിച്ചത്. ആദിവാസി വിഭാഗത്തിൽപെട്ട സുധാകരനും ബന്ധു സുഭാഷും സുഹൃത്ത് വാദ്യംകാവിൽ ബിജുവും ശനിയാഴ്ച ഉച്ചയോടെയാണു തോണിത്തടി മേഖലയിൽ പെരിയാർ തീരത്തു ചൂണ്ടയിട്ടു മീൻ പിടിക്കാനെത്തിയത്. മൂവരും മദ്യപിച്ചു. വൈകിട്ട് അഞ്ചരയോടെ സുധാകരൻ കുളിക്കാനായി പെരിയാറിലേക്ക് ഇറങ്ങിയ സമയത്തു മറ്റു 2 പേരും ഉപ്പുതറയിലെത്തി സ്വകാര്യ ബസിൽ കയറി വീട്ടിലേക്ക് മടങ്ങി.
രാത്രിയായിട്ടും സുധാകരനെ കാണാതെ വന്നതോടെ ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണു കുളിക്കാനിറങ്ങിയ വിവരം ഇവർ പറഞ്ഞതെന്നാണു സൂചന. അതോടെ ഇരുവരെയും കൂട്ടി ബന്ധുക്കൾ ഞായറാഴ്ച പുലർച്ചെ മൂന്നോടെ ഉപ്പുതറ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.