മലപ്പുറം: കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് ഒരാളെ കസ്‌റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
സിനിമയില്‍ മാത്രം കണ്ടുപരിചയമുള്ള സംഭവം നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണ് കൊണ്ടോട്ടി നിവാസികള്‍. ഇന്നലെയാണ് നാടിനെ നടുക്കി കൊണ്ടോട്ടിയില്‍ ഇരുപത്തിരണ്ടുകാരിയയെ അജ്ഞാതന്‍ അതിക്രമിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. പഠിക്കാനായി പോകുന്നതിനിടെ ആളൊഴിഞ്ഞ വഴിയില്‍ വെച്ച് പെണ്‍കുട്ടി അക്രമിക്കപ്പെടുകയായിരുന്നു. അതിക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
മലപ്പുറം കൊണ്ടോട്ടി കോട്ടുകരയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് വന്ന യുവാവ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കടന്നുപിടിക്കുകയായിരുന്നു. വായപൊത്തിപ്പിടിച്ച് ഇയാള്‍ പെണ്‍കുട്ടിയെ അടുത്തുള്ള വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ചു. ഇതിനിടെ പെണ്‍കുട്ടി ചെറുക്കുകയായിരുന്നു. എന്നാല്‍ യുവാവ് പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിച്ചു.ഈ സമയത്ത് പ്രതി കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തു. ആക്രമണത്തില്‍ നിന്നും ഒരു തരത്തില്‍ രക്ഷപെട്ട പെണ്‍കുട്ടി അടുത്തുള്ള വീട്ടിലേക്ക് ജീവനും കൊണ്ട് ഓടിക്കയറുകയായിരുന്നു. ദേഹമാസകലം മുറിവുകളുമായാണ് പെണ്‍കുട്ടി ഓടിവന്നതെന്ന് അടുത്തുള്ള വീട്ടുകാര്‍ പറയുന്നു.
ആക്രമിച്ച ആളെ ഇനി കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് പെണ്‍കുട്ടി പറയുന്നത്. താടിയും മീശയുമില്ലാത്ത വെളുത്ത ഒരാളാണ് അക്രമിച്ചതെന്നാണ് യുവതി പറയുന്നത്. പരിക്കേറ്റ പെണ്‍കുട്ടിയെ മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെ പെണ്‍കുട്ടി ആശുപത്രി വിട്ടു.