ഉത്സവപ്പറമ്പിലെ തലയെടുപ്പിന്റെ ആനച്ചന്തം മംഗലാംകുന്ന് കർണൻ വിട ചൊല്ലിയിട്ട് ഒരാണ്ട്. ആനപ്രേമികളെ കണ്ണീരിലാഴ്ത്തി 2021 ജനുവരി 28-നാണ് കർണൻ വിടപറഞ്ഞത്. ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവർത്തിയായിരുന്നു മംഗലാംകുന്ന് കർണൻ. വിട പറഞ്ഞിട്ട് ഒരു വർഷമാവുമ്പോഴും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് കർണചരിതങ്ങൾ.
ഉത്സവപ്പറമ്പുകളിൽ ഫ്ലക്സുകൾവെച്ചും സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തുമെല്ലാം ഫാൻസുകാർ കർണനെ ഇന്നും ഓർമിക്കുന്നു. കർണൻ തലയൊന്നു പൊക്കിപ്പിടിച്ചാൽ ഏത് ഉയരക്കേമനും ഒന്നു പേടിക്കുമായിരുന്നു. തലപ്പൊക്കമത്സരങ്ങളിൽ പ്രമുഖരായ ആനകളെ പിന്നിലാക്കിയത് തോട്ടികൊണ്ടു തല കുത്തിയുയർത്തിയായിരുന്നില്ല. തലയുയർത്തിയാൽ ഉയർന്നുതന്നെ നിൽക്കും എഴുന്നള്ളിപ്പിന്റെ തുടക്കംമുതൽ തിടമ്പിറക്കുംവരെ. പൂരപ്പറമ്പിലെ പ്രൗഢഗംഭീരമായ നിൽപ്പാണ് കാണികൾക്ക് കർണനോടുള്ള ഇഷ്ടത്തിനു കാരണവും.
60 വയസ്സാണ് ചരിയുമ്പോഴുണ്ടായിരുന്നത്. 2019 മാർച്ചിലാണ് മംഗലാംകുന്ന് കർണൻ അവസാനമായി ഉത്സവത്തിൽ പങ്കെടുത്തത്. ഉടൽനീളം കർണന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. സിനിമാതാരങ്ങളെപ്പോലെ സ്വന്തമായി ഫാൻസ് അസോസിയേഷനുമുണ്ട് മംഗലാംകുന്ന് കർണന്.
കർണാപ്പിയെ എന്നും ഓർമിച്ച് ആനപ്രേമികൾ മാതംഗമാണിക്യം, പാലകാപ്യഗജപതി, ഗജകുലമാർത്താണ്ഡൻ തുടങ്ങി വിളിപ്പേരുകളേറെയുണ്ടെങ്കിലും ഇഷ്ടക്കാർക്ക് ഇവൻ കർണാപ്പിയായിരുന്നു. നാടൻ ആനയായിരുന്നില്ല കർണൻ. ഉത്തരേന്ത്യയിൽനിന്നാണ് ഇവൻ കേരളത്തിലെത്തുന്നത്. ബിഹാറിൽനിന്ന് നാണു എഴുത്തച്ഛൻ കേരളത്തിലേക്കെത്തിച്ചു.
തുടർന്ന് മനിശ്ശേരി ഹരിയുടെ കൈവശം മനിശ്ശേരി കർണനെന്ന പേരിൽ അറിയപ്പെട്ട ശേഷമാണ് മംഗലാംകുന്ന് തറവാട്ടിലേക്ക് എത്തുന്നത്. മംഗലാംകുന്ന് തറവാടിന്റെ പൊന്നുതമ്പുരാനായിരുന്നു കർണൻ. വടക്കൻപറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാരഗണേശക്ഷേത്രത്തിലെ തലപ്പൊക്കമത്സരത്തിൽ തുടർച്ചയായി ഒമ്പതുവർഷം വിജയിയായിരുന്നു കർണൻ. ഇത്തിത്താനം ഗജമേളയിലും കർണൻ വിജയിയായിട്ടുണ്ട്. അങ്ങനെ ഇതിഹാസങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് മംഗലാംകുന്ന് കർണൻ വിട പറഞ്ഞിട്ട് ഒരു വർഷം.