ആര്‍ദ്രം കേരളയുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഓണ്‍ലൈൻ ഒ.പി. സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ഒ.പി. കെട്ടിടം, . സ്ത്രീകളുടെയും കുട്ടികളുടെയും ഗവ ആശുപത്രിയിലെ കുട്ടികളുടെ പാര്‍ക്ക്, കുട്ടികളുടെ വാര്‍ഡ്, ഇ.സി.ആര്‍.പി. രണ്ടാം ഘട്ടത്തിലെ എച്ച്.ഡി.യു., ഐ.സി.യു., ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ജില്ലാ പഞ്ചായത്ത് ഹാളില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുകയും മെഡിക്കല്‍ കോളേജുകളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കുകയും ചെയ്യുന്നതിലാണ് നിലവില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ 28 വെല്‍നെസ് സെന്ററുകള്‍ ആരംഭിക്കും. ആദിവാസികളുടെ അടക്കം ആരോഗ്യസുരക്ഷാ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാകാര്യങ്ങളും ചെയ്യുന്നുണ്ട്. ജില്ലാ ആശുപത്രിയില്‍ കിഫ്ബിയുടെ നേതൃത്വത്തില്‍ കോടികളുടെ വികസന പ്രവര്‍ത്തനമാണ് നടക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് വലിയ കരുത്താകും. സംസ്ഥാനത്ത് തെരുവുനായക്കളുടെ ആക്രമണം വര്‍ധിക്കുന്നത് വെല്ലുവിളിയാണെന്നും ഇത് മറികടക്കാന്‍ കൂടുതല്‍ പ്രതിരോധ മരുന്നുകള്‍ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, വി.കെ. ശ്രീകണ്ഠന്‍ എം.പി., ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. സുധാകരന്‍ മാസ്റ്റര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സി. നീതു, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. റീത്ത, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.