ലോകാത്ഭുതങ്ങളിൽപ്പെട്ട താജ്മഹൽ സന്ദർശിക്കുന്നവർ ഇനി മുതൽ ടിക്കറ്റ് ഓൺലൈനായി എടുക്കണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) അറിയിച്ചു. കൊവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ താജ്മഹൽ കോമ്പൗണ്ടിലേക്ക് ടിക്കറ്റ് നൽകുന്ന കൗണ്ടറുകൾ നിർത്തലാക്കിയിരുന്നു.
എഎസ്ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. താജ്മഹൽ കോമ്പൗണ്ടിൽ പ്രവേശിക്കാൻ 45 രൂപയും ഷാജഹാൻ ചക്രവർത്തിയുടെയും ഭാര്യ മുംതാസ് മഹലിന്റേയുമടക്കം ഖബറുകൾ ഉള്ള മൊസോളിയം (താജ്മഹൽ കെട്ടിടം) സന്ദർശിക്കാൻ 200 രൂപയുമാണ് ഫീസ്. മൊസോളിയം അടക്കം സന്ദർശിക്കാൻ ഓൺലൈനായി 245 രൂപയുടെ ടിക്കറ്റെടുക്കണം.
പുറത്തുള്ള കൗണ്ടറുകൾ നിർത്തലാക്കിയെങ്കിലും മൊസോളിയത്തിലേക്ക് ടിക്കറ്റ് നൽകുന്ന കൗണ്ടർ, താജ് കോമ്പൗണ്ടിലെ ജാസ്മിൻ ഫ്‌ളോറിൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഓൺലൈനായി 45 രൂപയുടെ ടിക്കറ്റ് മാത്രമെടുത്തവർക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കണമെങ്കിൽ ഇവിടെ നിന്ന് ടിക്കറ്റെടുക്കാം. ഓൺലൈനായി ടിക്കറ്റെടുക്കുമ്പോൾ പാസ്‌പോർട്ട്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി തുടങ്ങി ഏതെങ്കിലുമൊരു ഔദ്യോഗിക രേഖയുടെ വിവരങ്ങൾ സമർപ്പിക്കണം.
താജ്മഹലിനു പുറമെ ആഗ്രയിലെ കോട്ട, അക്ബർ ചക്രവർത്തിയുടെ ശവകുടീരം, ഫത്തേപൂർ സിക്രി, ഇതിമാദുദ്ദൗല ടോമ്പ്, മറിയം ടോമ്പ്, മെഹ്താബ് ബാഗ്, റാം ബാഗ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള ടിക്കറ്റുകളും എ.എസ്‌ഐ വെബ്‌സൈറ്റിൽ നിന്ന് എടുക്കാം. ഇതിനു പുറമെ ഡൽഹി, ചെന്നൈ, ചണ്ഡിഗഡ്, ഭുവനേശ്വർ, ഭോപാൽ, ബെംഗളുരു, ഔറംഗാബാദ്, അമരാവതി തുടങ്ങിയ നഗരങ്ങളിൽ എഎസ്ഐയുടെ നിയന്ത്രണത്തിലുള്ള ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കാനുള്ള ടിക്കറ്റുകളും ഓൺലൈനായി ലഭിക്കും.
ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള വെബ്സൈറ്റ്: https://asi.payumoney.com/