ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിലാണ് പുതുപ്പള്ളിയിലെ സ്ഥാനാർഥികൾ. യുഡിഎഫിനും എൽഡിഎഫിനുമൊപ്പം, സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ എൻഡിഎയും പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാക്കളും ദേശീയ നേതാക്കളഉം മണ്ഡലത്തിൽ എത്തിയിട്ടുണ്ട്. വികസന രാഷ്ട്രീയം മുൻനിർത്തിയുള്ള പ്രചാരണത്തിൽ വിശ്വാസി സമൂഹവും യുവാക്കളും പാർട്ടിക്കൊപ്പമാണെന്ന ആത്മവിശ്വാസത്തോടെയാണ് എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിക്കുന്ന മണ്ഡലത്തിൽ പല മേഖലകളിലും ജനം ആഗ്രഹിക്കുന്ന വികസനമുണ്ടായിട്ടില്ലെന്ന് ലിജിൻ ലാൽ പറയുന്നു. ഇടതുവലതു മുന്നണികൾ മാറിമാറി ഭരിക്കുന്ന കേരളത്തിൽ ഇരുമുന്നണികളും വികസനത്തെ മാറ്റി നിർത്തുകയാണെന്ന് ആരോപിക്കുന്ന ലിജിൻലാൽ, മണ്ഡലത്തിലെ പ്രചാരണ വിഷയങ്ങളെപ്പറ്റിയും തിരഞ്ഞെടുപ്പ് പ്രതീക്ഷകളെപ്പറ്റിയും സംസാരിക്കുന്നു.