ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ ദിലീപ് ശങ്കർ മരിച്ചിട്ട് ദിവസങ്ങളായെങ്കിലും അതിന്റെ ആഘാതത്തിൽ നിന്നും സഹപ്രവർത്തകർ മുക്തരായിട്ടില്ല. ദിലീപ് ശങ്കറിനെക്കുറിച്ച് നടി റാണി ശരൺ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ചില പ്രധാനപ്പെട്ട കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു അവസാനമായി ദിലീപ് തന്നെ വിളിച്ചതെന്നും കോൾ കട്ടായ ഉടൻ തിരികെ വിളിച്ചിട്ടും പിന്നീട് സംസാരിക്കാനായില്ലെന്നും വേദനയോടെ റാണി ഓർത്തു.
‘മോളേ നീ എന്നെ ഉറപ്പായും തിരിച്ച് വിളിക്കണം. എനിക്ക് നിന്നോട്ട് പ്രധാനപ്പെട്ട ചിലത് പറയാനുണ്ട്. പറഞ്ഞോളൂ ചേട്ടാ, ഞാനിപ്പൊ ഫ്രീയാണ് എന്ന് പറയുമ്പോഴേക്കും കോൾ കട്ടായി. ഉടൻ തിരിച്ച് വിളിച്ചെങ്കിലും നമ്പർ ബിസി എന്നാണ് കേട്ടത്. ഇടയ്‌ക്കിടെ വീണ്ടും വിളിച്ച് നോക്കി. അങ്ങനെ ഞാൻ വാട്‌സാപ്പിൽ വോയ്‌സ് മെസേജ് ഇട്ടു. ഫ്രീ ആകുമ്പോൾ തിരിച്ച് വിളിച്ചോളൂ സംസാരിക്കാമെന്ന്. വൈകിട്ട് വീണ്ടും ഒരു മിസ്‌ഡ് കോൾ വന്നു. ഒറ്റ റിംഗ് മാത്രം. തിരിച്ച് വിളിച്ചോളും എന്ന ഉറപ്പിൽ ഞാനുമിരുന്നു. അതാണല്ലോ പതിവ്.മോളേ എന്ന വിളിയോടെ വല്ലപ്പോഴും വരുന്ന ആ കോളുകൾ ഇനി പ്രതീക്ഷിക്കേണ്ട എന്ന് എന്നെത്തന്നെ പറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. നീ എന്റെ കുഞ്ഞു പെങ്ങളാണ് എന്ന് ആവർത്തിക്കുന്നത് കേൾക്കാൻ, എന്നും മോൾക്ക് ഒപ്പമുണ്ട് എന്ന ഉറപ്പിനായി വീണ്ടും മനസ് കൊതിക്കുന്നുണ്ട്. ചേച്ചി, കുട്ടികൾ, സിനിമാ സ്വപ്നങ്ങൾ ഒക്കെ ഇവിടെയല്ലേ ദിലീപേട്ടാ? പിന്നെ ദിലീപേട്ടന് പ്രിയപ്പെട്ട ഞങ്ങൾ ചിലരും…?’ – റാണി ശരൺ കുറിച്ചു.