Spread the love

ജഗദീഷ്, അശോകൻ, സുധീഷ്, വിനീത്, രാജേഷ് മാധവൻ, മനോജ് കെ ജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകൻ ദേവദത്ത് ഷാജി ഒരുക്കുന്ന ധീരൻ ബിഗ് സ്ക്രീനിൽ എത്താൻ രണ്ട് ദിവസങ്ങൾ മാത്രം അവശേഷിക്കെ ദേവദത്ത് തന്റെ സിനിമയെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘ധീരൻ’ ഞങ്ങളുടെ പരിശ്രമമാണ്, സന്തോഷമാണ്, സ്വപ്നമാണ്, വിയർപ്പാണ്. നല്ലതെങ്കിൽ നല്ലതെന്നും, മോശമെങ്കിൽ മോശമെന്നും പറയണമെന്നും ഒരു കളങ്കവുമില്ലാതെ ആത്മാർത്ഥമായി ജീവിതത്തിൽ ചെയ്തിട്ടുള്ള ഒരേയൊരു കാര്യം സിനിമയാണെന്നുമാണ് ദേവ ദത്ത് കുറിച്ചത്.

കുറിപ്പിന്റെ പൂർണ്ണരൂപം

‘പന്ത്രണ്ട് വർഷങ്ങളാണ് സ്ക്രീനിലെന്ന പോലെ മുന്നിൽ തെളിയുന്നത്. 2013-ൽ ആദ്യത്തെ ഷോർട്ട് ഫിലിം ചെയ്യുമ്പോൾ ആഗ്രഹിച്ചത് എന്തായിരുന്നോ, അത് റിയാലിറ്റിയാവാൻ ഇനി മണിക്കൂറുകളേ ഉള്ളൂ. ഒരു കളങ്കവുമില്ലാതെ ആത്മാർത്ഥമായി ജീവിതത്തിൽ ചെയ്തിട്ടുള്ള ഒരേയൊരു കാര്യം സിനിമയാണ്. ക്രിഞ്ചെന്നോ, ക്ലീഷെയെന്നോ വിളിക്കാവുന്ന ഈ പോസ്റ്റിടുന്നത് പോലും ഇത്രയും കാലമെടുത്ത എഫർട്ട് ആളുകളിലേക്ക് എത്താൻ മാത്രമാണ്. ‘ധീരനിൽ’ മാർക്കറ്റ് വാല്യൂ ഉള്ള താരങ്ങളില്ല എന്ന അഭിപ്രായം നാലു ദിക്കിൽ നിന്നും കേൾക്കാറുണ്ട്.

അപ്പോഴെല്ലാം എന്റെയും, ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെയും കോൺഫിഡൻസ് ഒരേയൊരു കാര്യത്തിലായിരുന്നു. പല തലമുറകളുടെ നായകന്മാർ!! മനോജ്‌ കെ ജയൻ, വിനീത്, ജഗദീഷ്, അശോകൻ, സുധീഷ്!! ഇവരുടെ റീ യൂണിയൻ കാണാൻ പ്രേക്ഷകരുണ്ടാവും എന്ന വിശ്വാസം. രാജേഷ് മാധവനും ശബരീഷ് വർമ്മയും സിദ്ധാർഥ് ഭരതനും, അഭിറാമും, അരുൺ ചെറുകാവിലും അശ്വതിയുമെല്ലാം ഇവരുടെയൊപ്പം മത്സരിച്ച് അഭിനയിച്ചപ്പോൾ, മുന്നേ പറഞ്ഞ റിയാലിറ്റിയ്ക്കിപ്പോൾ ഇരട്ടി മധുരമാണ്…!

‘ധീരൻ’ ഞങ്ങളുടെ പരിശ്രമമാണ്, സന്തോഷമാണ്, സ്വപ്നമാണ്, വിയർപ്പാണ്. നല്ലതെങ്കിൽ നല്ലതെന്നും, മോശമെങ്കിൽ മോശമെന്നും പറയണം. പക്ഷെ ഇത് രണ്ടിനാണെങ്കിലും തിയറ്ററിൽ വന്ന് പടം കാണണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ജൂലൈ നാലിന് ധീരനെത്തും,’ ദേവദത്ത് ഷാജി കുറിച്ചു

Leave a Reply