നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കുറ്റപത്രം തയ്യാറായി. അഭിമുഖത്തിൽ രാമകൃഷ്ണനെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണെന്ന ബോദ്ധ്യത്തോടെയുമാണ് സംസാരിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. അഭിമുഖം നടത്തിയ യൂട്യൂബ് ചാനൽ ഉടമ സുമേഷ് മാർക്കോ പോളോയും കേസിൽ പ്രതിയാണ്. ഇതോടെ സത്യഭാമയ്ക്ക് രാമകൃഷ്ണനോട് വൈരാഗ്യം ഉണ്ടെന്നും തെളിഞ്ഞിരിക്കുകയാണ്.
മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആൺപിള്ളേരിൽ സൗന്ദര്യം ഉള്ളവർ ഇല്ലേ. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ല എന്നായിരുന്നു സത്യഭാമ അഭിമുഖത്തിൽ പറഞ്ഞിരുന്നത്.
സംഭവം വിവാദമായതോടെ രാമകൃഷ്ണനെക്കുറിച്ചല്ല താൻ പ്രസ്താവന നടത്തിയതെന്നും സത്യഭാമ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ആരുടെയും ജാതിയോ പേരോ പറഞ്ഞിട്ടില്ലെന്നായിരുന്നു അവർ പറഞ്ഞത്. സ്വന്തം അഭിപ്രായമാണ് പറഞ്ഞതെന്നും ആരുടെയും സർട്ടിഫിക്കറ്റ് വേണ്ടെന്നുമായിരുന്നു സത്യഭാമയുടെ നിലപാട്. ഇതിനുപിന്നാലെയാണ് രാമകൃഷ്ണൻ നിയമനടപടികളുമായി മുന്നോട്ട് പോയത്.ഇതിനുമുൻപും സത്യഭാമ തന്നെ അപമാനിച്ചിട്ടുണ്ടെന്നും കേസുകൾ നൽകിയിട്ടുമെന്നും രാമകൃഷ്ണനും പ്രതികരിച്ചിരുന്നു. സത്യഭാമ തന്നെ ഫോണിൽ വിളിച്ച് ആക്ഷേപിച്ചിട്ടുണ്ടെന്നും മഹത്തായൊരു കലാസ്ഥാപനത്തിലെ അദ്ധ്യാപികയെന്ന നിലയിൽ അന്നൊക്കെ അവരോട് ബഹുമാനം കാട്ടിയിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നു.