കോഴിക്കോട്: കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാംനിലയില്‍നിന്ന് തലകറങ്ങി താഴേക്കുവീണ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവിന് ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ജോലിനല്‍കും. വടകര കീഴല്‍ സ്വദേശി ബാബുരാജിനാണു ജോലി ലഭിക്കുക.
ചെങ്കല്‍ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൊസൈറ്റി ചെയര്മാന് രമേശന് പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബാബുരാജിന് ചെയര്മാന് ഉപഹാരവും നല്കി.
ഒന്നാം നിലയുടെ വരാന്തയുടെ കൈവരിയില്‍ ചാരി നില്‍ക്കുകയായിരുന്ന അരൂര്‍ സ്വദേശി നടുപ്പറമ്ബില്‍ ബിനു പൊടുന്നനെ പിന്നോട്ടു മറിയുകയായിരുന്നു. അടുത്തു നില്‍ക്കുകയായിരുന്ന ബാബുരാജ് മിന്നല്‍ വേഗത്തില്‍ ബിനുവിന്റെ കാലില്‍ മുറുകെ പിടിക്കുകയായിരുന്നു. എല്ലാവരുംകൂടി ബിനുവിനെ വലിച്ചുകയറ്റി വരാന്തയില്‍ കിടത്തി. ആശുപത്രിയില്‍ എത്തിച്ച് അടിയന്തര വൈദ്യശുശ്രൂഷയും ലഭ്യമാക്കി.
ബാബുരാജ് ബിനുവിനെ രക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.