നായിക നായികൻ എന്ന റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് വിൻസി അലോഷ്യസ്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ താരം കൈകാര്യം ചെയ്തു. പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒത്തിരി കഥാപാത്രങ്ങളിലൂടെ വിൻസി മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വരെ നേടിയെടുത്തു. ഇപ്പോഴിതാ ക്യാൻ ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രി പുരസ്കാരം നേടിയ ഇന്ത്യയുടെ അഭിമാന ചിത്രമായ പായൽ കപാടിയ ചിത്രം ഓൾ വീ ഇമേജിൻ ആസ് ലൈറ്റിൽ തന്നെ തിരഞ്ഞെടുത്തതാണെന്നും എന്നാൽ തന്റെ അഹങ്കാരം കൊണ്ട് താനത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നും തുറന്നുപറഞ്ഞ് വിൻസി അലോഷ്യസ്.
അഹങ്കാരം തലക്ക് പിടിച്ചപ്പോൾ കഴിവുണ്ടെങ്കിൽ എന്തും നേടാം എന്നായിരുന്നു ചിന്ത. എന്നാൽ പ്രാർത്ഥന കുറഞ്ഞതോടെ പ്രശസ്തി കുറഞ്ഞെന്നും വിൻസി പറയുന്നു.ഞാൻ സിനിമയിലേക്ക് വന്നത് എങ്ങനെ എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. നായികാ നായകൻ റിപ്പോയാലിറ്റി ഷോയിലൂടെയാണ് ഞാൻ വന്നത്. എനിക്ക് ഭയങ്കര അനുഗ്രഹം ഉണ്ട്. ആ സമയത്ത്. നല്ല പ്രാർത്ഥനയുണ്ട്. അഹങ്കാരം ഒന്നും ഉണ്ടായിരുന്നില്ല. ആരെയും ഉപദ്രവിക്കാതെയും ആരെയും വെറുപ്പിക്കാതെയും ആണ് മുൻപോട്ട് പോയതും. അങ്ങനെ വഴികൾ തുറന്നു.
നായികാ നായകനിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും എപ്പോഴും എന്റെ കൈയ്യിൽ കൊന്ത ഉണ്ടാകും. അങ്ങനെ ഞാൻ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു എനിക്ക് എല്ലാ വഴികളും തുറന്നു വന്നുകൊണ്ടിരുന്നു.സിനിമകൾ ഓരോന്ന് ഓരോന്ന് വന്നു. നല്ല നല്ല സിനിമകളുടെ ഭാഗമായി. രേഖ യിലൂടെ സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിരുന്നു. ഈ ഒരു വളർച്ചയിൽ എനിക്ക് രണ്ടുമാറ്റങ്ങൾ സംഭവിച്ചു. ഞാൻ ഭയങ്കര അനുഗ്രഹിക്കപ്പെട്ടവൾ ആണെന്ന തോന്നലിൽ നിന്നും മാറ്റം സംഭവിച്ചു. അനുഗ്രഹം എന്ന തോന്നലിൽ നിന്നും അത് പയ്യെ പയ്യെ അഹങ്കാരം ആയി മാറി. നമ്മൾ പോലും അറിയാതെ നമ്മൾ അങ്ങനെ ചിന്തിച്ചു തുടങ്ങും. എന്റെ വിജയം എന്റെ കഴിവാണ് എന്ന് ഞാൻ അഹങ്കരിച്ചു. ഇതിനിടയിൽ അപ്പനും അമ്മയും എന്നെ ഉപദേശിച്ചിരുന്നു. ഞാൻ അനുസരിച്ചില്ല. കഴിവ് ഉണ്ടെങ്കിൽ ഞാൻ എത്തും എന്ന് വിശ്വസിച്ചുനിന്നു.
ഒരു ഉദാഹരണം പറയാം. അഹങ്കാരം കയറിയ സമയത്ത് എനിക്ക് ഒരു സിനിമ വന്നു. എന്നാൽ എനിക്ക് പറ്റിയത് അല്ല എന്ന് പറഞ്ഞു ഒഴിവാക്കി വിട്ടു. ആ ചിത്രം ഇന്ന് കാൻസിൽ എത്തി നിൽക്കുന്ന ചിത്രമാണ്. ഇപ്പോൾ എല്ലാവരും ചർച്ചചെയ്യപ്പെട്ട സിനിമ. കർമ്മ ബൂമറാങ് എന്ന് പറയും. സിംപിൾ ആയി പറഞ്ഞാൽ വാളെടുത്താൽ വാളാൽ എന്ന് പറയില്ലേ. നമ്മളുടെ മനസ്സിൽ പ്രാർത്ഥനയും നന്മയും ഉള്ളപ്പോൾ നമ്മൾ എത്തേണ്ട ഇടത്ത് എത്തുക തന്നെ ചെയ്യും. അങ്ങനെ എത്തിയ ആളാണ് ഞാൻ . അതൊന്നും ഇല്ലാതെ ആയപ്പോൾ ഞാൻ എവിടെയും എത്തിയില്ല.
നമ്മുടെ ഓരോ പ്രവർത്തിയും കൗണ്ടബിൾ ആണ്.ഒരുപാട് അഹങ്കരിച്ചത് ഒക്കെ തിരുത്തണം എന്ന ചിന്തയിൽ ആണ് ഇപ്പോൾ ഞാൻ. അതിനു പിന്നാലെ രണ്ടുവര്ഷത്തിനു ശേഷം എനിക്ക് ഒരു സിനിമ കിട്ടി. എല്ലാ മതസ്ഥരോടും എനിക്ക് ഇത് ആണ് പറയാനുള്ളത്. നമ്മുടെ ഉള്ളിൽ ഭക്തിയും വിശ്വാസവും ഉണ്ടെങ്കിൽ എല്ലാം നേടിയെടുക്കാം- വിൻസി യുവശക്തി യുവജന സംഗമത്തില്‍ സംസാരിക്കവെ പറയുന്നു