Spread the love
അക്രമപ്രവര്‍ത്തനങ്ങള്‍ തടയാന്‍ ‘ഓപ്പറേഷന്‍ കാവല്‍’

മയക്കുമരുന്ന് കടത്ത്, മണല്‍കടത്ത്, കള്ളക്കടത്ത്, സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ എന്നിവ തടയുന്നതിനും ഇവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികള്‍ക്ക് വിധേയരാക്കുന്നതിനുമായി പ്രത്യേക പദ്ധതി ആയ ‘ഓപ്പറേഷന്‍ കാവല്‍’. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടിക സ്പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കുകയും പട്ടികയില്‍ ഉള്‍പ്പെട്ടവരെ കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്യും. ജാമ്യത്തിലിറങ്ങിയവര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ലംഘിച്ചതായി കണ്ടെത്തിയാല്‍ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിക്കും. ഇതിനായി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തും. വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടശേഷം ഒളിവില്‍ കഴിയുന്നവരെ കണ്ടെത്താനായി ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേകസംഘത്തിന് രൂപം നല്‍കും. നേരത്തെ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ഡാറ്റ ബേസ് ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കും. അക്രമപ്രവര്‍ത്തനങ്ങള്‍ക്കായി ആസൂത്രണവും ഗൂഢാലോചനയും നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നടപടി സ്വീകരിക്കും. സംഘടിതകുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി ജില്ലാതലത്തില്‍ നര്‍ക്കോട്ടിക് സെല്‍ രൂപം നൽകും. ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ രണ്ട് സബ് ഇന്‍സ്പെക്ടര്‍മാരും കുറഞ്ഞത് 10 പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിന് രൂപം നല്‍കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുള്ള സംഘം ഗുണ്ടകളേയും സാമൂഹ്യവിരുദ്ധരേയും മയക്കുമരുന്ന്, സ്വര്‍ണ്ണം, ഹവാല എന്നിവ കടത്തുന്നവരെയും കണ്ടെത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് ആന്‍റി ഓര്‍ഗനൈസ്ഡ് ക്രൈം സെല്ലുകള്‍ക്ക് രൂപം നല്‍കും. കുറഞ്ഞത് ഒരു എസ്ഐയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് സെല്ലിലുണ്ടാവുക.

Leave a Reply