കേരള പൊലീസിന്റെ സൈബർഡോമിനു കീഴിൽ പ്രവർത്തിക്കുന്ന കേരള പോലീസ് സിസിഎസ്ഇ (കൗണ്ടറിംഗ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ) ടീമിന്റെ ഓപ്പറേഷൻ പി ഹണ്ടിനു കീഴിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 1363 കേസുകൾ. വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയവ വഴി നടന്ന കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്ത കേസുകളിൽ അധികവും. കേസുകളുമായി ബന്ധപ്പെട്ടു 315 പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്നതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു പി-ഹണ്ട് എന്ന പേരിൽ ഒരു പ്രത്യേക ഓപ്പറേഷൻ സംസ്ഥാന പൊലീസ് ആരംഭിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങളുടെ പ്രവർത്തനം കൃത്യമായി സൈബർ ഡോം നിരീക്ഷിക്കുന്നുണ്ട്.
ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്ന 3794 കേന്ദ്രങ്ങൾ കണ്ടെത്തി. ഇതു സംബന്ധിച്ച വിവരങ്ങൾ സൈബർ സെല്ലുകളിലെ അംഗങ്ങൾ, സാങ്കേതിക വിദഗ്ധർ, വനിതാ വിഭാഗം എന്നിവരടങ്ങുന്ന ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള 280 ടീമുകൾക്ക് പിന്നീട് ഈ വിവരങ്ങൾ കൈമാറി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ പോലിസ് മേധാവികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടത്തിയ റെയിഡിൽ രജിസ്റ്റർ ചെയ്ത 1363 കേസുകളിലായി 2425 ഉപകരണങ്ങൾ ടീമുകൾക്ക് പിടിച്ചെടുത്തു. ഇതിൽ കുട്ടികളുടെ നിയമവിരുദ്ധ വീഡിയോകൾ, ചിത്രങ്ങൾ എന്നിവ സൂക്ഷിച്ചിട്ടുള്ള മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്‌കുകൾ, മെമ്മറി കാർഡുകൾ, ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടറുകൾ മുതലായവ ഉൾപ്പെടുന്നു.
കുട്ടികൾക്കെതിരായ ഓൺലൈൻ അതിക്രമങ്ങൾ തടയുന്നതിനുള്ള സീറോ ടോളറൻസ് പോളിസിയുടെ ഭാഗമായി കുറ്റകരമായ രീതിയിൽ കുട്ടികളുടെ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണുതീരുമാനം.