Spread the love

ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയില്‍ കൊടുംഭീകരന്‍ മസൂദ് അസ്ഹറിന്റെ വീടും തകര്‍ത്തതായി പുതിയ റിപ്പോർട്ടുകൾ. പാകിസ്ഥാനിലെ ബഹാവല്‍പുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് നടത്തിയ ഇന്ത്യന്‍ ആക്രമണത്തിലാണ് മസൂദ് അസ്ഹറിന്റെ വീടും തകര്‍ന്നത്. ഇന്ത്യന്‍ സേനകളുടെ ആക്രമണത്തില്‍ മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി ഉള്‍പ്പെടെയുള്ള 14 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി വിവിധ പാക് മാധ്യമങ്ങളും ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവരും പറയുന്നു

‘എക്‌സ്’ ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലാണ് ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവര്‍ ഇത്തരം വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, മസൂദ് അസ്ഹര്‍ എവിടെയാണെന്നതില്‍ ഇതുവരെയും വിവരങ്ങളില്ലെന്നും വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗികവിവരങ്ങളോ മറ്റു പ്രതികരണങ്ങളോ ലഭ്യമായിട്ടില്ല.

പഹല്‍ഗാമം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ആക്രമണം നടത്തിയത്. മെയ് ഏഴാം തീയതി പുലര്‍ച്ചെയായിരുന്നു വ്യോമ, കര, നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍. പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’. പാക് ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയുടെ പ്രധാന താവളങ്ങളെല്ലാം ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്

ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ ‘മര്‍ക്കസ് സുബഹാനള്ളാ’, ലഷ്‌കര്‍ ആസ്ഥാനമായ മുരിഡ്കെയിലെ ‘മര്‍ക്കസ് തൊയ്ബ’, ജെയ്ഷെ കേന്ദ്രങ്ങളായ സര്‍ജാല്‍, കോട്ലിയിലെ ‘മര്‍ക്കസ് അബ്ബാസ്’, മുസാഫറാബാദിലെ ‘സൈദുനാ ബിലാല്‍ ക്യാമ്പ്’, ലഷ്‌കര്‍ ക്യാമ്പുകളായ ബര്‍നാലയിലെ ‘മര്‍ക്കസ് അഹ്ലെ ഹാദിത്’, മുസാഫറാബാദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ താവളമായ സിയാല്‍ക്കോട്ടിലെ ‘മെഹ്‌മൂന ജോയ’ എന്നിവിടങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം.

Leave a Reply