Spread the love

ഓണക്കാലത്ത് ഇറങ്ങുന്ന സിനിമകൾക്ക് വലിയ പ്രത്യേകതകളുണ്ട്. കുടുംബ പ്രേക്ഷകർ അവധിക്കാലം സിനിമാസ്വാദനത്തിനും കൂടി മാറ്റിവയ്ക്കുന്ന കാലം കൂടിയായതിനാൽ ആ സമയത്ത് ഇറങ്ങുന്ന സിനിമകൾക്ക് വലിയ പ്രതീക്ഷഭാരമുണ്ട്. ഇത്തരത്തിൽ ഓണത്തോട് അനുബന്ധിച്ച് ഒരുപിടി സിനിമകൾ തിയറ്ററിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മോളിവുഡ്. മുൻകൂട്ടി റിലീസ് പ്രഖ്യാപിച്ച സിനിമകളും പ്രദർശനത്തിന് ഒരുങ്ങുന്ന സിനിമകളും ഇക്കൂട്ടത്തിൽ ഉണ്ട്.

ഓണം റിലീസ് ആയി എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ച സിനിമയാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന ചിത്രം സെപ്റ്റംബർ 12ന് തിയറ്ററിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ റിലീസിങ് തിയതിയിൽ മാറ്റം വരുത്തിയെന്നും ഒക്ടോബറിലാകും ബറോസ് തിയറ്ററിൽ എത്തുക എന്നുമാണ് അനൗദ്യോ​ഗിക വിവരം. വൈകാതെ ഇതിന്റെ ഔദ്യോ​ഗിക വിശദീകരണം പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.

അജയന്റെ രണ്ടാം മോഷണം ആണ് ഓണത്തിന് എത്തുന്ന മറ്റൊരു മലയാള ചിത്രം. ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ ലാൽ ആണ്. നേരത്തെ ഓണത്തിന് എആർഎം റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ വന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ഔദ്യോ​ഗികമായി പുറത്തുവന്നത്. എന്നാൽ റിലീസ് തിയതി അറിയിച്ചിട്ടില്ല. ടൊവിനോ ത്രിബിൾ റോളിൽ എത്തുന്ന ചിത്രം പൂർണമായും ത്രീഡിയിൽ ആണ് ഒരുങ്ങുന്നത്. വിജയ് നായികനായി എത്തുന്ന ​ഗോട്ട് ആണ് മറ്റൊരു സിനിമ. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും. ഓണം റിലീസ് അല്ലെങ്കിലും സെപ്റ്റംബറിൽ റിലീസ് ചെയ്യുന്നതിനാൽ മറ്റ് മലയാള സിനിമകൾക്ക് വലിയൊരു എതിരാളി കൂടിയാകും ​ഗോട്ട് എന്നാണ് വിലയിരുത്തലുകൾ. ലക്കി ഭാസ്കർ ആണ് മറ്റൊരു സിനിമ. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രം സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്യും. വെങ്ക് അട്‍ലൂരി ആണ് ഈ തെലുങ്ക് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അതേസമയം, ബസൂക്കയാണ് ഓണത്തിന് റിലീസ് ചെയ്യുമെന്ന് കരുതപ്പെടുന്ന മറ്റൊരു സിനിമ. ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. നാളെ ഈ മമ്മൂട്ടി ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യും. ടീസറിനൊപ്പം ബസൂക്ക റിലീസ് തിയതി ഉണ്ടാകുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. മുകളിൽ പറഞ്ഞ സിനിമകൾക്ക് ഒപ്പം വേറെയും സിനിമകൾ ഓണം റിലീസായി തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.

Leave a Reply