ഇടുക്കി: ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 2398.32 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. റൂൾ കർവ് പ്രകാരം ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്.തുലാവർഷം ശക്തിപ്രാപിച്ച് നിൽക്കുന്നതിനാലും ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നതുമായ സാഹചര്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കളക്ടർ ജാഗ്രത നിർദ്ദേശം നൽകി.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. നിലവില്‍ ജലനിരപ്പ് 139.05 അടിയാണ്. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കുറച്ചു. സെക്കന്‍റിൽ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
അതേസമയം, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് നാളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.
ബംഗാൾ ഉൾക്കടലിൽ നാളെയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടുകയും 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കും ചെയ്യാൻ സാധ്യാതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മധ്യ തെക്കൻ ജില്ലകളിൽ നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത. വടക്കൻ തമിഴ്നാടിന് മുകളിലുള്ള ന്യൂന മർദ്ദത്തിന്റെ പ്രഭാവത്തിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ ഇന്നും ഒറ്റപ്പെട്ട മഴ തുടരും.
11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.