Spread the love

പുൽപ്പള്ളി∙ സുരഭിക്കവലയിലെ കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്. രണ്ടാഴ്ചയിലധികമായി സുരഭിക്കവലയിൽ കടുവ വളർത്തുമൃഗങ്ങളെ കൊല്ലുകയും ഭീതി പരത്തുകയും ചെയ്യുന്നു. നാട്ടുകാരുടെ ജനകീയ പ്രക്ഷോഭത്തെത്തുടർന്നാണ് കടുവയെ പിടികൂടാൻ തീരുമാനിച്ചത്.

മൂന്ന് കൂടുകൾ സ്ഥാപിച്ചിട്ടും കടുവ കുടുങ്ങാതെ വന്നതോടെയാണ് മയക്കുവെടിവയ്ക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയത്. വിദഗ്ധ സമിതിയും ഉത്തരമേഖല സിസിഎഫും ശുപാർശ നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആണ് മയക്കുവെടിവയ്ക്കാൻ ഉത്തരവിട്ടത്.

ഫെബ്രുവരി ഒന്ന് മുതൽ ഇരുളം, ചെറ്റപ്പാലം എന്നിവിടങ്ങളിൽ കടുവയുടെ സാന്നിധ്യം ഉണ്ട്. കൂടുകൾ സ്ഥാപിച്ചെങ്കിലും കടുവ ഒഴിഞ്ഞുമാറിപ്പോകുകയാണ്. കടുവയെ നിരീക്ഷിക്കുന്നതിന് സിസിടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു. കടുവ ജനവാസ മേഖലയായ മുള്ളൻകൊല്ലി, പുൽപ്പള്ളി എന്നിവിടങ്ങളിലൂടെ ചുറ്റിത്തിരിയുകയാണ്. അതിനാൽ കടുവയെ മയക്കുവെടിവച്ച് പിടികൂടണമെന്നാണ് ഉത്തരവ്.

മൂന്ന് വെറ്ററിനറി ഡോക്ടർമാരും ആർആർടി സംഘവും ഉൾപ്പെടുന്നതായിരിക്കണം മയക്കുവെടിവയ്ക്കാനുള്ള ദൗത്യ സംഘം. കടുവ ആരോഗ്യവാനാണെങ്കിൽ ഉൾവനത്തിൽ വിടണമെന്നും ഉത്തരവിൽ പറയുന്നു. കടുവയെ മയക്കുവെടി വച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കഴിഞ്ഞ ദിവസം റെയ്‍ഞ്ച് ഓഫിസറെ ഉൾപ്പെടെ ബന്ദിയാക്കിയിരുന്നു.

Leave a Reply