Spread the love

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടൻ വിനായകൻ ഇനി എത്തുന്നത് പോലീസ് വേഷത്തിലാണ്. നീണ്ട ഇടവേളക്ക് ശേഷം നവ്യാ നായർ നായികയാകുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലാണ് വിനായകൻ പൊലീസ് വേഷത്തിലെത്തുന്നത്. ബെൻസി പ്രൊഡക്ഷന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിച്ച് വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്.

ഒരു വീട്ടമ്മയുടെ മൂന്ന് ദിവസത്തെ ഓട്ടപ്പാച്ചിലിന്റെ കഥയാണ് ഒരുത്തീ. നവ്യാ നായർ അവതരിപ്പിക്കുന്ന മണി ഇടത്തരക്കാരിയായ കടന്നുപോകുന്ന വീട്ടമ്മയാണ്. ഇവരുടെ ദൗത്യത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന പൊലീസുകാരനെയാണ് വിനായകൻ അവതരിപ്പിക്കുന്നത്. ത്രില്ലർ സ്വഭാവമുള്ള ചിത്രം ഇവരിലൂടെ ശക്തമായ രാഷ്ട്രീയവും മുന്നോട്ട് വയ്ക്കുന്നുണ്ട്.

വിനായകന് പുറമെ സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ്, മാളവിക മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത്. ബെൻസി നാസറാണ് നിർമ്മാണം.

ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗോപീ സുന്ദറും തകര ബാൻഡും സംഗീതം നിർവഹിക്കും. ഡോക്ടർ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാനരചന നിർവഹിക്കുന്നു. ലിജോ പോളാണ് എഡിറ്റിങ്. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷൻ ഡിസൈനർ.

Leave a Reply