തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞ, പിങ്ക് എന്നീ മുൻഗണന വിഭാഗം കാർഡ് ഉടമകളിൽ മൊബൈൽ ഫോണിൽ വരുന്ന ഒടിപി ഉപയോഗിച്ച് റേഷൻ വാങ്ങുന്നവരിലെ രണ്ടായിരത്തോളം ഇടപാടുകൾ ഭക്ഷ്യപൊതുവിതരണ വകുപ്പ് പരിശോധിക്കുന്നു. കൊല്ലം തെന്മലയിലെ 21 മുൻഗണനാ കാർഡ് ഉടമകളുടെ ഒടിപി ഉപയോഗിച്ച് മറ്റു ജില്ലകളിലെ റേഷൻ കടകളിൽ നിന്നു സാധനം നൽകിയെന്നു വരുത്തി തട്ടിപ്പ് നടത്തിയ സാഹചര്യത്തിലാണ് പരിശോധന. തട്ടിപ്പിൽ ഉൾപ്പെട്ട നെടുമങ്ങാട്, ആലുവ, പുനലൂർ എന്നിവിടങ്ങളിലായി 3 കടകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
തെന്മല പഞ്ചായത്ത് കുറവന്താവളം എസ്റ്റേറ്റിലെ 21 തോട്ടം തൊഴിലാളികൾ ആലുവയിലെയും നെടുമങ്ങാട്ടെയും കടകളിൽ നിന്നു റേഷൻ വാങ്ങി ബിൽ പ്രിന്റ് ചെയ്തതെന്ന രേഖയാണ് വകുപ്പിന്റെ ഐടി സെല്ലിൽ സംശയം ജനിപ്പിച്ചത്. തെന്മലയിലെ കടയിൽ ആര്യനാട് റേഷനിങ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ 21 മഞ്ഞ കാർഡ് ഉടമകൾക്കും ഇവിടെ നിന്നു റേഷൻ വിതരണം ചെയ്തെന്നും ബിൽ നൽകിയില്ലെന്നും വ്യക്തമായി.
ഈ കടകളിലെ അധിക സ്റ്റോക്ക് ഉപയോഗിച്ച് 21 കാർഡ് ഉടമകൾക്ക് അർഹമായതിലും കുറഞ്ഞ അളവിൽ റേഷൻ നൽകി. തുടർന്ന്, ഇവരുടെ മൊബൈൽ ഫോൺ നമ്പറിൽ വന്ന ഒടിപി ആലുവയിലെയും നെടുമങ്ങാട്ടെയും കടകളിലെ ലൈസൻസികൾക്ക് തെന്മലയിലെ കട ഉടമ കൈമാറി ബിൽ തയാറാക്കി. തുടർന്ന്, ആലുവയിലെയും നെടുമങ്ങാട്ടെയും കടകളിൽ അധികം വന്ന അരിയും മറ്റും കരിഞ്ചന്തയിൽ വിറ്റിരിക്കാമെന്നാണു നിഗമനം. ഏകദേശം 50 ലക്ഷം രൂപയുടെ തട്ടിപ്പു നടന്നതായും തുക കടയുടമകൾ വീതിച്ചെടുത്തിരിക്കാമെന്നുമാണു ജില്ലാ സപ്ലൈ ഓഫിസർമാർ സിവിൽ സപ്ലൈസ് ഡയറക്ടർക്കു നൽകിയ റിപ്പോർട്ട്.
മഞ്ഞ കാർഡിൽ 50 കിലോ ഭക്ഷ്യധാന്യം:
മഞ്ഞ കാർഡിനെ ഒടിപി തട്ടിപ്പിനായി തിരഞ്ഞെടുക്കാൻ കാരണം ഇതിലെ കൂടിയ അളവിലെ റേഷൻ വിഹിതം. സൗജന്യമായി 30 കിലോ അരി, 4 കിലോ ഗോതമ്പ്, 6 രൂപയ്ക്ക് ഒരു കിലോ ആട്ട, 21 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര എന്നിവയാണു കാർഡിലെ വിഹിതം. കേന്ദ്ര പദ്ധതി പ്രകാരം സൗജന്യമായി 5 കിലോ അരി കാർഡിലെ ഓരോ അംഗത്തിനും ലഭിക്കുന്നുണ്ട്. ഈ കാർഡ് ഉടമകളിൽ ഭൂരിഭാഗവും പട്ടികവർഗക്കാരാണ്. ഇവർക്കുള്ള റേഷൻ അളവിൽ കുറവു വരുത്തി മറിച്ചുവിറ്റ കേസുകൾ മുൻപും കണ്ടെത്തിയിട്ടുണ്ടെങ്കിലും മറ്റൊരു ജില്ലയിൽ ബിൽ നൽകി തട്ടിപ്പ് ആദ്യമാണ്. പ്രതിമാസം അര ലക്ഷത്തിലേറെ പേർ ഒടിപി സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങുന്നു. ബയോ മെട്രിക് രേഖകൾ തെളിയാത്തവരും ആധാർ എടുക്കാത്തവരും ഭിന്നശേഷിക്കാരും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു. ഇപോസ് മെഷീൻ പ്രവർത്തിക്കാതെ വരുമ്പോഴും ഒടിപി ആണ് ആശ്രയം.