
പാലക്കാട്: 2021-ലെ രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനായി ഒറ്റപ്പാലം സ്‌റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു. കേസ് തീർപ്പാക്കൽ, അതിക്രമങ്ങൾ പരിഹരിക്കൽ, ക്രമസമാധാന പാലനം, അന്വേഷണ മികവ് തുടങ്ങിയവ പരിഗണിച്ചാണ് കേന്ദ്രസർക്കാർ പുരസ്‌കാരം നൽകുന്നത്.
സ്ത്രീകൾക്കെതിരായ അക്രമസംഭവങ്ങൾ പരിഹരിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഒറ്റപ്പാലം പോലീസ് സ്‌റ്റേഷൻ മുൻപന്തിയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. പാലക്കാട് ജില്ലയിൽ ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന സ്റ്റേഷൻ കൂടിയാണ് ഒറ്റപ്പാലം പോലീസ് സ്‌റ്റേഷൻ.
ജൂൺ പത്തിന് സംസ്ഥാന പോലീസ് ആസ്ഥാനത്താണ് പുരസ്‌കാര വിതരണം നടക്കുക. 2021ലെ പുരസ്‌കാരമായതിനാൽ അക്കാലത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ പുരസ്‌കാരം ഏറ്റുവാങ്ങും.