Spread the love

കിങ് ഖാന്‍റെ നായികയാവാൻ നമ്മുടെ സ്വന്തം നയൻസ്?

ബോളിവുഡ് കിങ് ഷാരൂഖ് ഖാന്‍റെ നായികവാൻ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര ഒരുങ്ങുന്നെന്ന്
റിപ്പോർട്ടുകൾ. ബിഗിലിന് ശേഷം ആറ്റ്ലികുമാർ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ ഇരുവരും ഒരുമിക്കുമെന്നാണ്
സൂചനകൾ. നയൻതാരയുമായി ആറ്റ്ലി സംസാരിച്ചു കഴിഞ്ഞു. ആഗസ്തിൽ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
തന്‍റെ സ്വപ്ന പ്രൊജക്ട് എന്നാണ് ആറ്റ്ലി സിനിമയെ വിശേഷിപ്പിക്കുന്നത്.

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള , ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയായ നയൻസിന്‍റെ
സാന്നിധ്യം ചിത്രത്തിന്‍റെ താരമൂല്യം കൂട്ടുമെന്നാണ് വിലയിരുത്തൽ. ആറ്റ്ലിക്കൊപ്പം രാജറാണിിലാണ് നയൻതാര
ആദ്യം പ്രവർത്തിച്ചത്. നേരത്തെ ഷാരൂഖിന്‍റെ ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിൽ ഐറ്റം ഡാൻസ് ചെയ്യുന്നതിന്
നയൻതാരക്ക് ഓഫർ ഉണ്ടായിരുന്നു. താരം നിരസിച്ചതിനെത്തുടർന്ന് പ്രിയാമണിക്കാണ് അവസരം ലഭിച്ചത്.

മൂന്ന് വർഷത്തിന് ശേഷം പത്താൻ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഇപ്പോൾ അഭിനയിക്കുന്നത്. ലോക്ഡൗൺ മൂലം നിർത്തിവച്ച
ചിത്രത്തിന്‍റെ ഷൂട്ടിങ് മുംബൈയിൽ പുനരാരംഭിച്ചു. സിദ്ധാർത്ഥ് ആനന്ദ് ആണ് സംവിധാനം. 18 ദിവസത്തെ ഷെഡ്യൂൾ
ആണ് മുംബൈയിൽ ഉള്ളത്. ദീപിക പദുക്കോണും അടുത്ത ദിവസങ്ങളിൽ സെറ്റിലെത്തും. പത്താനിലെ പ്രധാന
ആക്ഷൻ രംഗങ്ങൾ ദുബായിലെ ബുർജ് ഖലീഫയിലായിരിക്കും ചിത്രീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ.
ഇതിന് ശേഷമായിരിക്കും ആറ്റ്ലി ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങുക.

നയൻതാരയുടെ പുതിയ ചിത്രം നെട്രിക്കണ്ണ് ഓടിടി റിലീസിന് തയ്യാറെടുക്കുകയാണ്. രജനീകാന്തിനൊപ്പം അണ്ണാത്തെ ആണ്
റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു ചിത്രം. മലയാളത്തിലും തെലുങ്കിലും ഉൾപ്പടെ കൈനിറയെ പടങ്ങളാണ് താരത്തിനുള്ളത്.
ബോളിവുഡിൽ കൂടി ചുവടുറപ്പിക്കാനായാൽ ഇന്ത്യയിലെ തന്നെ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ ആയി ഈ തിരുവല്ലാക്കാരി മാറും.

Leave a Reply