സന്നിധാനത്ത് രാത്രി താമസം: മുറികള്‍ അനുവദിച്ചു തുടങ്ങി
തീര്‍ഥാടകര്‍ക്ക് രാത്രി സന്നിധാനത്ത് താമസിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ മുറികള്‍ അനുവദിച്ചു തുടങ്ങി. അക്കോമഡേഷന്‍ സെന്ററില്‍ ആരംഭിച്ച റൂം ബുക്കിംഗ് ടോക്കണ്‍ വിതരണം ദേവസ്വം എക്സിക്യുട്ടിവ് ഓഫീസര്‍ വി കൃഷ്ണകുമാര വാര്യര്‍ ഉദ്ഘാടനം ചെയ്തു. 500 മുറികളാണ് കോവിഡ് മാനദണ്ഡപ്രകാരം ഇവിടെ സജ്ജീകരിച്ചത്. പരമാവധി പന്ത്രണ്ട് മണിക്കൂര്‍ വരെ മുറികളില്‍ താമസിക്കാം. 12 മണിക്കൂര്‍ കഴിഞ്ഞാല്‍ ഒരു കാരണവശാലും മുറികളില്‍ തങ്ങാന്‍ അനുവദിക്കുകയില്ല. അനുവദിച്ച സമയത്തിന് ശേഷം മുറി ഒഴിഞ്ഞില്ലെങ്കില്‍ കോഷന്‍ ഡിപോസിറ്റ് തുക തിരിച്ചു കിട്ടുകയില്ല. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ആരംഭിക്കാത്തതിനാല്‍ സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് നേരിട്ട് കൗണ്ടറില്‍ വന്നാല്‍ മാത്രമേ മുറികള്‍ ലഭിക്കുകയുള്ളു. ദേവസ്വം അസി. എഞ്ചിനിയര്‍ കെ. സുനില്‍കുമാര്‍, അക്കോമഡേഷന്‍ ഓഫീസര്‍ ടി.ഇ. ശങ്കര്‍ പ്രസാദ്, ജൂനിയര്‍ സൂപ്രണ്ട് വി. ജയകുമാര്‍, അക്കോമഡേഷന്‍ സെക്ഷന്‍ ക്ലാര്‍ക്ക് രാജേഷ്ബാബു എന്നിവര്‍ പങ്കെടുത്തു.