
പ്രശസ്തനായ കവിയും, ഗാനരചയിതാവുമായിരുന്നു പി.ഭാസ്കരൻ (ഭാസ്കരൻ മാസ്റ്റർ, 1924 ഏപ്രിൽ 21- 2007 ഫെബ്രുവരി 25) . ഗാനരചയിതാവ്, ചലച്ചിത്രസംവിധായകൻ, ചലച്ചിത്രനടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. മലയാള ഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ പ്രതിഭാശാലി എന്നനിലയിൽ ഓർമ്മിക്കപ്പെടുന്ന ഇദ്ദേഹം ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാനായും, കെ.എഫ്.ഡി.സിയുടെ ചെയർമാനായും, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായും, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവ് നന്തിലത്ത് പത്മനാഭമേനോൻ, മാതാവ് പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മ, ഭാര്യ ഇന്ദി, മക്കൾ രാജീവൻ, വിജയൻ, അജിതൻ, രാധിക.
ഇന്നത്തെ തൃശ്ശൂർ ജില്ലയിൽ പെട്ട കൊടുങ്ങല്ലൂരിൽ കവിയും അഭിഭാഷകനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന നന്തിലത്ത് പത്മനാഭമേനോന്റെയും പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മയുടെയും ഒമ്പതുമക്കളിൽ ആറാമത്തെ സന്തതിയായി 1924 ഏപ്രിൽ 21-നാണ് പുല്ലൂറ്റുപാടത്ത് ഭാസ്കരൻ എന്ന പി. ഭാസ്കരൻ ജനിച്ചത്. ഭാസ്കരൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പത്മനാഭമേനോൻ മരിച്ചു. ശൃംഗപുരം ഗവ: ബോയ്സ് ഹൈസ്കൂളിലും മഹാരാജാസ് കോളേജിലുമായാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കവിതകൾ എഴുതിത്തുടങ്ങിയ ഭാസ്കരന്റെ ആദ്യകവിതകൾ അധികവും അക്കാലത്തെ മാസികകളിലൂടെയാണ് പുറത്തുവന്നത്
ഗാനരചയിതാവായി പി.ഭാസ്‌കരന്റെ അരങ്ങേറ്റം ഒരു തമിഴ് ചിത്രത്തിന് വേണ്ടിയായിരുന്നു. അപൂർവ സഗോദരർകൾ (1949) എന്ന ചിത്രത്തിലെ ഒരു ബഹുഭാഷാ ഗാനത്തിന് അദ്ദേഹം മലയാളം വരികൾ എഴുതി. ചന്ദ്രിക (1950) എന്ന ചിത്രത്തിലെ “മധുമാധുരി…” എന്ന ഗാനമാണ് അദ്ദേഹം എഴുതിയ ആദ്യ മലയാള ചലച്ചിത്ര ഗാനം. വിരുതൻ ശങ്കു (1968), വിരുന്നുകരി (1969), അറിയപെടാത്ത രഹസ്യം (1981) എന്നീ ചിത്രങ്ങളിൽ സംവിധായകൻ പി. വേണുവിനൊപ്പം പ്രവർത്തിച്ച അദ്ദേഹം ചില നിത്യഹരിത ഗാനങ്ങൾ നിർമ്മിച്ചു.
1954-ൽ രാമു കാര്യാട്ടുമായി ചേർന്ന് ഭാസ്കരൻ നീലക്കുയിൽ എന്ന ചിത്രം സംവിധാനം ചെയ്തു. മലയാള സിനിമയിൽ സോഷ്യൽ റിയലിസത്തിന് തുടക്കം കുറിക്കുന്ന ചിത്രമായാണ് ഈ സിനിമ കണക്കാക്കപ്പെടുന്നത്. ഇതിന് രാഷ്ട്രപതിയുടെ വെള്ളി മെഡൽ ലഭിച്ചു, ഒരു മലയാള സിനിമയ്ക്ക് ആദ്യമായി ദേശീയ അംഗീകാരം. രണ്ട് വർഷത്തിന് ശേഷം, രാരിച്ചൻ എന്ന പൗരൻ എന്ന പേരിൽ അദ്ദേഹം തന്റെ ആദ്യത്തെ ഏകാംഗ സൃഷ്ടി നടത്തി. അത് ബോക്സോഫീസിൽ പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ ആദ്യകിരണങ്ങൾ (1964), ഇരുട്ടിന്റെ ആത്മാവ് (1969), തുറക്കാത്ത വാതിൽ (1971) എന്നീ ചിത്രങ്ങൾ വിവിധ വിഭാഗങ്ങൾക്കുള്ള ദേശീയ ചലച്ചിത്ര അവാർഡുകൾ നേടി. നീലക്കുയിൽ ഉൾപ്പെടെ നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. മനോരഥം (1978) എന്ന സിനിമയിൽ ജ്യോതിഷത്തിൽ അഗാധമായ വിശ്വാസമുള്ള കുടുംബനാഥനായാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. അവാർഡ് നേടിയ വള്ളത്തോൾ ഉൾപ്പെടെ നിരവധി ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തു.