മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി നാട്. ജയചന്ദ്രന്റെ ഭൗതിക ദേഹം തൃശ്ശൂരിലെ സംഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനത്തിനെത്തിച്ചു. പ്രിയഗായകനെ അവസാനമായി കാണാൻ ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ എത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ എട്ട് മണിയോടെ തൃശ്ശൂർ അമല ആശുപത്രിയിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലെത്തിച്ച ഭൗതികദേഹത്തിന് അന്ത്യാജ്ഞലി അർപ്പിക്കാൻ നിരവധി പേരെത്തി. വീട്ടിലേക്കെത്തിക്കാൻ വൈകിയതിനാൽ സംഗീത അക്കാദമിയിലെ പൊതുദർശന സമയത്തിലും മാറ്റം വന്നു. 10 മുതൽ 12 വരെ എന്നാണ് ആദ്യമറിയിച്ചിരുന്നത്.
11.15 ഓട് കൂടിയാണ് അക്കാദമി ഹാളിൽ ഭൗതികദേഹം എത്തിച്ചത്. ജനിച്ച നാട് എറണാകുളം ആണെങ്കിലും ഗായകനെന്ന നിലയിൽ ജയചന്ദ്രനിൽ സ്വാധീനം ചെലുത്തിയ നാട് തൃശ്ശൂരാണ്. അതുകൊണ്ട് തന്നെ പ്രിയഗായകനെ അവസാനമായി ഒരുനോക്ക് കാണാൻ ആളുകളെത്തിക്കൊണ്ടിരിക്കുകയാണ്.