പ്രശസ്ത കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി അന്തരിച്ചു. കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനുമായി അഞ്ചു തവണ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. ഞായറാഴ്ച രാത്രി ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 77 വയസായിരുന്നു. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍നിന്ന് സ്വര്‍ണമെഡലോടെ വിജയിച്ച അദ്ദേഹം നാടകങ്ങള്‍ക്കും നൃത്ത പരിപാടികള്‍ക്കുമായി സെറ്റുകള്‍ രൂപകല്‍പ്പന ചെയ്ത് കൊണ്ടായിരുന്നു സിനിമാ രംഗത്തെക്കുള്ള പ്രവേശനം.
മലയാളം, തമിഴ്, കന്നഡ, തെലുങ്കു, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളിലായി 55 ലധികം സിനിമകളില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കലാസംവിധാനത്തിന് മൂന്നു തവണയും വസ്ത്രാലങ്കാരത്തിന് രണ്ടു തവണയും ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സ്വാതിതിരുനാള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, രാജശില്‍പി, പരിണയം, ഗസല്‍, കുലം, വചനം, ഒളിയമ്പുകള്‍ തുടങ്ങി പതിനഞ്ചിലേറെ മലയാള ചിത്രങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.