Spread the love

മൂന്നാർ ∙ മാട്ടുപ്പെട്ടിയിലും കന്നിമലയിലും വീണ്ടും ഒറ്റയാൻമാരുടെ വിളയാട്ടം. കന്നിമല മൈതാനത്തു ക്രിക്കറ്റ് പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന എസ്റ്റേറ്റ് ജീവനക്കാരെ ഒറ്റക്കൊമ്പൻ വിരട്ടിയോടിച്ചു. മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ പടയപ്പ വീണ്ടും ഇറങ്ങി കച്ചവടക്കാരുടെ സാധനങ്ങൾ തിന്നു . മേഖലയിൽ അടുത്തയിടെ പുതുതായി പ്രത്യക്ഷപ്പെട്ട ഒറ്റക്കൊമ്പൻ തിങ്കളാഴ്ച വൈകിട്ടാണു കന്നിമല മൈതാനത്ത് ഇറങ്ങി ക്രിക്കറ്റ് പരിശീലനം നടത്തിയിരുന്ന ജീവനക്കാരെ വിരട്ടിയോടിച്ചത്. തുടർന്നു അടുത്തുള്ള പുഴയിലിറങ്ങി വെള്ളം കുടിച്ച ശേഷം ഒരു മണിക്കൂർ മൈതാനത്തു കറങ്ങിനടന്ന ശേഷമാണ് ഒറ്റക്കൊമ്പൻ കാട്ടിലേക്കു മടങ്ങിയത്.

തിങ്കളാഴ്ച രാവിലെ മാട്ടുപ്പെട്ടി എക്കോ പോയിന്റിലിറങ്ങിയ പടയപ്പ 4 വഴിയോരക്കടകൾ തകർത്തിരുന്നു. വൈകിട്ടു വീണ്ടും ഇതേ സ്ഥലത്തെത്തി റോഡിൽ നിന്നു. തുടർന്ന്‌ ഒരു മണിക്കൂർ നേരം ഗതാഗതതടസ്സമുണ്ടായി. ഇവിടത്തെ വഴിയോരക്കച്ചവടക്കാർ അടുത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന ചോളം, പൈനാപ്പിൾ, കാരറ്റ് തുടങ്ങിയവ തിന്നു. ഏറെ സമയം ഇവിടെ ചെലവഴിച്ച ശേഷം വൈകിട്ടാണു പടയപ്പ കാട്ടിലേക്കു മടങ്ങിയത്.

Leave a Reply