Spread the love

കോട്ടയം∙ കരുവന്നൂർ പദയാത്രയ്ക്കു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കു തയാറെടുത്ത് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. മുന്‍ രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപിയുമായി ഡൽഹിയിൽ വെള്ളിയാഴ്ച മോദി കൂടിക്കാഴ്ച നടത്തുമെന്നാണു റിപ്പോർട്ട്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി സുരേഷ് കുടുംബവുമൊത്ത് ഡൽഹിക്കു തിരിക്കുമെന്നാണു സൂചന. കൂടിക്കാഴ്ചയെപ്പറ്റി ബിജെപിയുടെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. സുരേഷ് വ്യക്തിപരമായി താൽപര്യമെടുത്താണു മോദിയെ കാണുന്നതെന്നാണു നേതാക്കൾ പറയുന്നത്. കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം, സഹകരണ ബാങ്ക് തട്ടിപ്പ്, ലോക്സഭാ തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.

സുരേഷിന്റെ നേതൃത്വത്തിൽ കരുവന്നൂര്‍ ബാങ്കിനു മുന്നില്‍നിന്നും തൃശൂരിലേക്ക് 18 കിലോമീറ്റര്‍ പദയാത്ര നടത്തിയതു ബിജെപിക്ക് ഉണർവേകിയെന്നാണു വിലയിരുത്തൽ. പദയാത്രയിലൂടെ സിപിഎമ്മിന്റെയും എൽഡിഎഫ് സര്‍ക്കാരിന്റെയും അഴിമതികള്‍ക്കെതിരെ സമരമുഖം തുറക്കാനായെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം നല്‍കിയതില്‍ സുരേഷിന് അതൃപ്തിയുണ്ടെന്നു വാർത്തയുണ്ടായിരുന്നു.

അധ്യക്ഷ സ്ഥാനം ശമ്പളമുള്ള ജോലിയല്ലെന്നും രാഷ്ട്രീയക്കാരനെന്ന നിലയിലുള്ള എല്ലാ സ്വാതന്ത്ര്യവും തുടര്‍ന്നും വഹിക്കാമെന്നുമുള്ള കേന്ദ്രമന്ത്രിയുടെ ഉറപ്പിൽ പദവി ഏറ്റെടുക്കുന്നതായി പിന്നീട് സുരേഷ് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു. സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തെന്നും ആരു വിചാരിച്ചാലും തടയാനാവില്ലെന്നും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

Leave a Reply