തൃശൂർ∙ പത്മജയുടെ പക്കൽ നിന്നും നയാപൈസ വാങ്ങിയിട്ടില്ലെന്ന് ആവർത്തിച്ച് തൃശൂർ മുൻ ഡിസിസി പ്രസിഡന്റ് എം.പി.വിൻസെന്റ്. തിരഞ്ഞെടുപ്പ് കാലത്ത് പത്മജ പണം പിരിച്ചിട്ടുണ്ട്. ആ പണം പാർട്ടി ചോദിച്ചിട്ടില്ല. പത്മജ മണ്ടിയാണ്. അവർ എന്തൊക്കെയോ വിളിച്ചുപറയുകയാണെന്നും വിൻസെന്റ് പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ സമ്മേളനത്തിനും റോഡ് ഷോയ്ക്കും തന്റെ പക്കൽ നിന്നും വിൻസെന്റ് 22 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു പത്മജയുടെ ആരോപണം.
‘പത്മജ പറഞ്ഞത് ശുദ്ധനുണയാണ്. എനിക്കു പോലും ആ വാഹനത്തിൽ പ്രവേശനമില്ലായിരുന്നു. പിന്നെ എങ്ങനെയാണ് പത്മജയെ കയറ്റാമെന്ന് ഞാൻ പറയുന്നത് .– വിൻസെന്റ് പറഞ്ഞു.
22 ലക്ഷം രൂപ തരില്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ചേച്ചി, ചേച്ചിയുടെ കാര്യം നോക്കെന്ന് പറഞ്ഞ് വിൻസെന്റ് ഭീഷണിപ്പെടുത്തിയെന്നും പത്മജ ആരോപിച്ചിരുന്നു.‘തിരഞ്ഞെടുപ്പ് സമയത്ത് നമ്മള്‍ എന്തും പേടിക്കണമല്ലോ, അങ്ങനെ പണം ഞാന്‍ നല്‍കി.
പ്രിയങ്ക വന്നപ്പോള്‍ ഞാന്‍ എവിടെ നിന്നാണ് കയറേണ്ടതെന്ന് ഇവരോട് ചോദിച്ചു. ചേച്ചി സ്‌റ്റേജില്‍ വന്നാല്‍ മതിയെന്ന് പറഞ്ഞു. അതോടെ ഞാന്‍ വണ്ടിയില്‍ കയറുമെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കി. വണ്ടി ഏത് വഴിയിലൂടെയാണ് വരുന്നതെന്ന് പോലും എന്നോട് പറഞ്ഞില്ല. അല്ലെങ്കില്‍ എന്റെ സ്വഭാവം അനുസരിച്ച് റോഡിലിറങ്ങി നിന്നേനെ. പത്മജ ഔട്ട്, പ്രതാപന്‍ ഇന്‍ എന്നാണ് പത്രങ്ങള്‍ ആ സംഭവത്തെ കുറിച്ച് എഴുതിയത്’ എന്നായിരുന്നു പത്മജയുടെ ആരോപണം.