Home Blog Page 12

ലാഭ കുതിപ്പിൽ കൊച്ചി മെട്രോ: ടിക്കറ്റ് വഴി മാത്രമല്ല! സോഷ്യൽ മീഡിയയിൽ നിന്നും പരസ്യങ്ങൾ വഴിയും വരുമാനം

0
Spread the love

രാജ്യത്തെ മറ്റു മെട്രോകളുമായി താരതമ്യം ചെയ്യുമ്പോൾ വലുപ്പത്തിൽ ചെറുതാണ് കൊച്ചി മെട്രോ. എന്നാൽ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും റെക്കോർഡ് നേട്ടത്തിലേക്ക് കടന്നിരിക്കുകയാണ് കൊച്ചി മെട്രോ ഇപ്പോൾ. ടിക്കറ്റ് വരുമാനത്തിന് പുറമെ നൂതനമായ മാർഗങ്ങളിലൂടെ ലാഭമുണ്ടാക്കുന്നതിൽ കൊച്ചി മെട്രോ മാതൃകയാവുകയാണ്.

സ്വന്തമായി സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുകയും അതിൽ പങ്കുവെക്കുന്ന റീലുകളിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യുന്ന ഇന്ത്യയിലെ ഏക മെട്രോയാണ് കൊച്ചിയിലേത്. പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം ഒരു ലക്ഷം കടന്നിട്ട് മാസങ്ങളായി. പുതുവർഷത്തിൽ മെട്രോയിലും ഫീഡർ ബസുകളിലുമായി ഒന്നര ലക്ഷത്തോളം പേർ യാത്ര ചെയ്തു.

കഴിഞ്ഞ വർഷം 35 കോടി രൂപയാണ് മെട്രോയുടെ പ്രവർത്തന ലാഭം. ദൈനംദിന നടത്തിപ്പ് ചിലവുകൾ മെട്രോ ഇപ്പോൾ സ്വന്തം വരുമാനത്തിൽ നിന്ന് കണ്ടെത്തുന്നുണ്ട്. ദിവസം ഒരു ലക്ഷം യാത്രക്കാരുണ്ടാകുമ്പോൾ ശരാശരി 35 ലക്ഷം രൂപ ടിക്കറ്റ് ഇനത്തിൽ ലഭിക്കുന്നു. മെട്രോയുടെ ഒരു ദിവസത്തെ പ്രവർത്തന ചിലവ് നികത്താൻ ഈ തുക മതിയാകും. ഇതിനു പുറമെ പരസ്യങ്ങൾ, സോഷ്യൽ മീഡിയ, മറ്റു സേവനങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന തുകയാണ് ലാഭമായി കണക്കാക്കുന്നത്.

കാക്കനാട് ഇൻഫോപാർക്ക് ലൈൻ കൂടി യാഥാർത്ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ കുതിപ്പ് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒന്നര ലക്ഷമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ടിക്കറ്റ് ഇതര വരുമാനത്തിലും വലിയ വർദ്ധനവുണ്ടാകും. നിർമ്മാണ വായ്പയുടെ തിരിച്ചടവ് വലിയൊരു വെല്ലുവിളിയാണെങ്കിലും, പ്രവർത്തന ലാഭമുണ്ടാക്കുന്ന രാജ്യത്തെ ചുരുക്കം മെട്രോകളിൽ ഒന്നായി മാറാൻ കൊച്ചിക്ക് സാധിച്ചു.

ശബരിമല സ്വർണക്കൊള്ള: പുലർച്ചെ ചോദ്യംചെയ്യൽ, പിന്നാലെ തന്ത്രി അറസ്റ്റിൽ; പോറ്റിയുമായുള്ള ബന്ധവും ആ കുറിപ്പും നിർണായകമായി

0
Spread the love

വെള്ളിയാഴ്ച പുലർച്ചെ എസ്‌ഐടി ഓഫീസിൽ, മണിക്കൂറുകൾനീണ്ട ചോദ്യംചെയ്യൽ, ഒടുവിൽ ഉച്ചകഴിഞ്ഞ് അറസ്റ്റും. ശബരിമല സ്വർണക്കൊള്ളയിൽ എസ്‌ഐടി നടത്തിയ നിർണായകനീക്കമായിരുന്നു വെള്ളിയാഴ്ചയുണ്ടായ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ്.വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് കണ്ഠരര് രാജീവര് ചോദ്യംചെയ്യലിനായി എസ്‌ഐടിയുടെ മുന്നിൽ ഹാജരായത്. സഹായിയായ നാരായണൻ നമ്പൂതിരിയും തന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചോദ്യംചെയ്യൽ മണിക്കൂറുകൾനീണ്ടു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേശും തന്ത്രിയെ വിശദമായി ചോദ്യംചെയ്തു. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന വാർത്തയും പുറത്തുവന്നത്.

ശബരിമല സ്വർണക്കൊള്ള പുറത്തുവന്നതുമുതൽ സംശയനിഴലിലുണ്ടായിരുന്ന പേരുകളിൽ ഒന്നായിരുന്നു കണ്ഠരര് രാജീവരുടേതും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്തബന്ധമുണ്ടായിരുന്നതായി മുൻ ദേവസ്വം പ്രസിഡന്റും കേസിലെ മറ്റൊരു പ്രതിയുമായ എ. പത്മകുമാർ മൊഴിനൽകിയതോടെ കുരുക്ക് മുറുകി. മാത്രമല്ല, സ്വർണപ്പാളികൾ പുറത്തുകൊണ്ടുപോകാൻ അനുവാദം നൽകി തന്ത്രി നൽകിയ കുറിപ്പിലും ദുരൂഹതകൾ ഉയർന്നു. നേരത്തേ തന്ത്രിമാരായ കണ്ഠരര് രാജീവരിൽനിന്നും കണ്ഠരര് മോഹനരിൽനിന്നും എസ്‌ഐടി മൊഴി രേഖപ്പെടുത്തിയിരുന്നു.

തന്ത്രിക്കെതിരേ പത്മകുമാറിന്റെ ഉറച്ച മൊഴി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായും മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായും അടുത്തബന്ധമുണ്ടായിരുന്നതായാണ് അറസ്റ്റിലായതിന് പിന്നാലെ എ. പത്മകുമാർ മൊഴിനൽകിയിരുന്നത്. താൻ പരിചയപ്പെടുന്നതിന് മുൻപുതന്നെ പോറ്റി ശബരിമലയുള്ള വ്യക്തിയായിരുന്നുവെന്നും തന്ത്രി കുടുംബത്തിന്റെ ആളായിട്ടാണ് പോറ്റി ശബരിമലയിൽ പ്രവർത്തിച്ചിരുന്നതെന്നും പത്മകുമാറിന്റെ മൊഴിയിലുണ്ടായിരുന്നു.

പോറ്റിയെ അറിയാം, കൊണ്ടുവന്നത് താനല്ലെന്ന് കണ്ഠരര് രാജീവര്…

സ്വർണക്കൊള്ളയിൽ എസ്‌ഐടി അന്വേഷണത്തിനിടെ തന്ത്രി കണ്ഠരര് രാജീവരിൽനിന്ന് മൊഴിയെടുത്തപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നുതന്നെയാണ് അദ്ദേഹം മറുപടി നൽകിയത്. ശബരിമലയിൽ ഒട്ടേറെ വഴിപാടുകൾ നടത്തുന്ന ഭക്തൻ എന്നനിലയിലും പൂജാരിയുടെ സഹായി എന്നനിലയിലും പോറ്റിയെ പരിചയമുണ്ടെന്നായിരുന്നു രാജീവരുടെ മൊഴി. സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോയത് ദേവസ്വംബോർഡിന്റെ തീരുമാനപ്രകാരമാണ്. സ്വർണപ്പാളികൾ പുതുക്കാൻ ആവശ്യപ്പെട്ടപ്പോൾ ദേവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നും ഇക്കഴിഞ്ഞ നവംബറിൽ തന്ത്രിമാരായ കണ്ഠരര് രാജീവരും കണ്ഠരര് മോഹനരും മൊഴി നൽകി. അതേസമയം, പോറ്റിയെ കൊണ്ടുവന്നത് താനല്ലെന്നും കണ്ഠരര് രാജീവര് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

സംശയമായി കുറിപ്പിലെ പരാമർശം…

2019-ലെ സ്വർണപ്പാളി തട്ടിപ്പ് കഴിഞ്ഞവർഷം പുറത്തറിഞ്ഞപ്പോൾ ആദ്യം അന്വേഷണം നടത്തിയ ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ തന്ത്രിയുടെ കുറിപ്പിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞെന്നാണ് കുറിപ്പിൽ തന്ത്രി പരാമർശിച്ചിരുന്നത്.

തന്ത്രി കണ്ഠരര് രാജീവരിൽനിന്നാണ് അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു സ്വർണപ്പാളി പുറത്തേക്ക് കൊണ്ടുപോകാൻ അഭിപ്രായം എഴുതിവാങ്ങിയിരുന്നത്. ‘ദ്വാരപാലകരിലും ശ്രീകോവിലിന്റെ തെക്കും വടക്കുമുള്ള മൂലകളിലും പൂശിയിട്ടുള്ള സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ പുതിയതായി സ്വർണംപൂശി വൃത്തിയാക്കിവെക്കുന്നതിന് അനുവദിക്കാവുന്നതാണ്’, എന്നാണ് തന്ത്രിയുടെ കുറിപ്പിൽ കാണുന്നതെന്ന് വിജിലൻസ് റിപ്പോർട്ടിലുണ്ടായിരുന്നു.

അതേസമയം, 1998-ൽ ദ്വാരപാലക ശില്പങ്ങളിലും തെക്കും വടക്കുമുള്ള മൂലകളിലെ തൂണുകളിലും സ്വർണം പൊതിയുകയായിരുന്നു എന്ന വസ്തുത തന്ത്രിയുടെ കുറിപ്പിലും ഉണ്ടായില്ലെന്നത് എസ്‌ഐടി അന്നേ വിലയിരുത്തി.

തന്ത്രി എഴുതിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് മുരാരി ബാബു റിപ്പോർട്ട് തയ്യാറാക്കിയതെങ്കിലും തന്ത്രി പറഞ്ഞിരുന്ന ‘സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ’ എന്നത് പിന്നീട് മാറ്റുകയായിരുന്നു. ദ്വാരപാലകരുടെ കാര്യത്തിൽ ചെമ്പുതകിടെന്നും തെക്കും വടക്കുമുള്ള മൂലകളിലെ തൂണുകളിൽ ചെമ്പുപാളികളെന്നുമാണ് മുരാരി വരുത്തിയ ഭേദഗതി. താൻ എഴുതിക്കൊടുത്തപോലെയല്ല മുരാരി റിപ്പോർട്ടിൽ എഴുതിയതെന്ന്, സെപ്റ്റംബറിൽ മോഷണവിവരം പുറത്തുവന്നപ്പോൾ തന്നെ കണ്ഠര് രാജീവര് പ്രതികരിച്ചിരുന്നു.

‘ദൈവതുല്യരായ പലരും പിന്നിലുണ്ട്…’

ശബരിമല സ്വർണക്കൊള്ളയിൽ ദൈവതുല്യരായ പലരും ഉൾപ്പെട്ടതായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞിരുന്നു. ”ദൈവതുല്യരായി കാണുന്ന പലരും ഇതിനകത്ത് ഉണ്ടെങ്കിൽ എന്തുചെയ്യാൻ പറ്റും” എന്നായിരുന്നു പത്മകുമാർ മാസങ്ങൾക്ക് മുൻപ് പറഞ്ഞത്. എന്നാൽ, അത് തന്ത്രിയെക്കുറിച്ചാണോ എന്ന ചോദ്യങ്ങൾക്കൊന്നും അദ്ദേഹം മറുപടി നൽകിയിരുന്നില്ല.

ദൈവതുല്യരായ എത്രയോപേർ ഉണ്ടെന്നായിരുന്നു ഇതേക്കുറിച്ച് കണ്ഠരര് രാജീവരുടെ പ്രതികരണം. പത്മകുമാർ പറഞ്ഞ ദൈവ്യതുല്യർ ആരാണെന്നത് താൻ എങ്ങനെ അറിയാനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.

പിന്നീട് ആഴ്ചകൾക്ക് ശേഷം കോടതിയിൽനിന്ന് മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് പ്രതികരണം തേടിയപ്പോഴും പത്മകുമാർ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ആരെക്കുറിച്ചാണ് ദൈവതുല്യരെന്ന് പറഞ്ഞതെന്ന് ചോദിച്ചപ്പോൾ ‘വേട്ടനായ്ക്കൾ’ അല്ല എന്നായിരുന്നു പത്മകുമാറിന്റെ മറുപടി. ദൈവതുല്യൻ ശവംതീനിയല്ലെന്നും എല്ലാം അയ്യപ്പൻ നോക്കിക്കോളുമെന്നും പത്മകുമാർ അന്ന് പറഞ്ഞിരുന്നു. പത്മകുമാർ ഈ പ്രതികരണം നടത്തിയ അതേദിവസമാണ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എസ്‌ഐടി ചോദ്യംചെയ്‌തെന്ന വാർത്തയും പുറത്തുവന്നത്.

‘മഞ്ജു ഒറ്റയ്ക്കല്ല, അവൾക്ക് ഞങ്ങളുണ്ട്, വലിയൊരു കുടുംബമുണ്ട്’, ശ്രദ്ധേയമായി ശോഭനയുടെ  മറുപടി 

0
Spread the love

മഞ്ജു വാര്യരുടെ തളരാത്ത പോരാട്ടവീര്യത്തെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി കുറിച്ച ഫേസ്ബുക്ക് പോസ്റ്റും നടി ശോഭന നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അടുത്തിടെ മഞ്ജു വാര്യർ തന്റെ ബിഎംഡബ്ല്യു ബൈക്കിൽ ധനുഷ്‌കോടിയിലേക്ക് നടത്തിയ യാത്രയെക്കുറിച്ചായിരുന്നു ശാരദക്കുട്ടിയുടെ കുറിപ്പ്.

‘ആണിനും കുടുംബത്തിനും സദാചാരബോധ്യങ്ങൾക്കും വഴങ്ങാതെ പറന്നുനടക്കുന്ന പെണ്മയാണ് മഞ്ജു. കുടുംബമില്ലെങ്കിലും തനിക്ക് ഒന്നും നഷ്ടപ്പെടില്ലെന്ന് മഞ്ജു തെളിയിച്ചുവെന്നും, പെൺകുട്ടികൾക്ക് പഠിക്കാനുള്ള പാഠപുസ്തകമാണ് മഞ്ജു വാര്യർ.’ എന്നായിരുന്നു ശാരദക്കുട്ടി കുറിച്ചത്. അതേസമയം, ശാരദക്കുട്ടിയുടെ കുറിപ്പിനെ പ്രശംസിക്കുമ്പോഴും അതിലെ പ്രത്യേക പ്രയോഗത്തോടാണ് ശോഭന എതിർപ്പ് അറിയിച്ചത്.


മഞ്ജുവിന് കുടുംബമില്ലെന്ന പരാമർശത്തിന് മറുപടിയായി ശോഭന കുറിച്ചത് ഇങ്ങനെയാണ്: ‘മഞ്ജു ജിക്ക് ഒരു കുടുംബമുണ്ട്. മിക്ക ആളുകൾക്കുമുള്ളതിനേക്കാൾ വലിയ ഒന്നാണത്. അവൾക്ക് ഞങ്ങളുണ്ട്, അവളുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും. എല്ലാറ്റിനുമുപരി അവളുടെ സിനിമകളിലൂടെ അവൾ ഉണ്ടാക്കിയെടുത്ത പാരമ്പര്യമുണ്ട്…ആരാധകരുണ്ട്. അതുകൊണ്ട് നീ തകർപ്പനായി മുന്നേറൂ പെണ്ണേ..യാതൊരു തടസങ്ങളുമില്ലാതെ ഒറ്റയ്ക്ക് യാത്ര തുടരൂ. കലയും നിന്റെ ബൈക്കും മാത്രം കൂട്ടിനുണ്ടാവട്ടെ.’ ശോഭന കുറിച്ചു.


നമ്മൾ തിരഞ്ഞെടുക്കുന്ന സുഹൃത്തുക്കളും സഹപ്രവർത്തകരും സ്‌നേഹിക്കുന്ന ലോകവുമാണ് യഥാർത്ഥ കുടുംബമെന്ന ശോഭനയുടെ നിരീക്ഷണം സോഷ്യൽ മീഡിയയിലും കയ്യടി നേടുകയാണ്. സിനിമയിലെ രണ്ട് ഇതിഹാസ താരങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനവും പിന്തുണയും ഏതൊരു സ്ത്രീക്കും വലിയ കരുത്താണെന്ന് ആരാധകരും അഭിപ്രായപ്പെട്ടു.

മായാനദി സ്ത്രീവിരുദ്ധമെന്ന് പറഞ്ഞില്ല, പക്ഷേ അതുല്യയുടെ ആ രംഗം അശ്ലീലമായി; ഗീതുവിനെ പിന്തുണച്ച് റിമ

0
Spread the love

ഷ് നായകനാകുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം പുറത്തുവന്നതുമുതൽ സംവിധായിക ഗീതു മോഹൻദാസിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ഇപ്പോൾ ഈ വിഷയത്തിൽ ഗീതുവിന് പിന്തുണയുമായെത്തിയിരിക്കുകയാണ് നടിമാരായ റിമ കല്ലിങ്കൽ, ദിവ്യപ്രഭ എന്നിവർ. ടീസറിൽ വിവാദമായ നായകന്റെ ഇൻട്രോ സീനിനെ അശ്ലീലം എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവർക്ക് മറുപടി എന്ന രീതിയിൽ ഒരു ഇൻസ്റ്റാഗ്രാം പേജിൽ വന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് റിമയും ദിവ്യപ്രഭയും. ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും… എന്ന തലക്കെട്ടിൽ വന്ന ലേഖനം ഇരുവരും പങ്കുവെച്ചു.

കുറിപ്പ് ഇങ്ങനെ:

‘ഡീയസ് ഈറെ എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം, ട്രോൾ പേജുകളും സിനിമാ ഗ്രൂപ്പുകളും ഉൾപ്പെടെ നിരവധിപേരാണ് നായികയായ അതുല്യ ചന്ദ്രയെ വെറുമൊരു “സെഡക്റ്റീവ് ഒബ്ജക്റ്റ്” ആയി തരംതാഴ്ത്തിയത്. അത് ഏറെ വിഷമകരമായിരുന്നു. ആ ലേബലുകൾ ഞെട്ടിപ്പിച്ചത് അവയുടെ ബോൾഡ്‌നെസ്സ് കൊണ്ടല്ല, മറിച്ച് നമ്മുടെ ചിന്താഗതികളെ അവ അത്രത്തോളം തുറന്നുകാട്ടുന്നു എന്നതുകൊണ്ടാണ്. ഇതിലെ ഏറ്റവും വലിയ തമാശ എന്തെന്നാൽ, ഈ ചർച്ചകളിലെല്ലാം പ്രണവ് മോഹൻലാൽ എന്ന നടൻ പൂർണമായും അദൃശ്യനായിരുന്നു എന്നതാണ്.

ആ ഇന്റിമേറ്റ് സീൻ അതുല്യ തനിച്ച് ചെയ്തതാണെന്ന മട്ടിലായിരുന്നു കാര്യങ്ങൾ. ‘ഡീയസ് ഈറെ’യായിരുന്നു മലയാളിക്ക് തങ്ങളുടെ സദാചാര പോലീസ് ബാഡ്ജുകൾ വീണ്ടും പുറത്തെടുക്കാൻ പ്രചോദനം ആയത്. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ ദിവ്യപ്രഭയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. എന്തുകൊണ്ടാണ് നാം ലൈംഗികതയെ സ്ത്രീകളുമായി മാത്രം ബന്ധപ്പെടുത്തുന്നത് എന്ന കാര്യം അത്ഭുതപ്പെടുത്തും. ഒരുപക്ഷേ സ്ത്രീക്ക് മാത്രമേ ധാർമ്മിക ഉത്തരവാദിത്തം ഉള്ളൂ എന്നതുകൊണ്ടാകാം. വിഷയം ലൈംഗികതയാണെങ്കിൽ, നോട്ടം ഉടൻ സ്ത്രീകളിലേക്ക് മാറും.

ഇപ്പോൾ, ‘ടോക്സിക്’ ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള ഒരു ലൈംഗിക രംഗത്തെ പോലും അശ്ലീലമെന്നും വൃത്തികെട്ടതെന്നും വിശേഷിപ്പിക്കുന്നത് കാണാം. പരസ്പര താൽപ്പര്യത്തിൽ അധിഷ്ഠിതമായ ഒന്ന് എങ്ങനെയാണ് “വൃത്തികെട്ടത്” ആകുന്നത്? ഒരു സ്ത്രീയെ ലൈംഗിക നിമിഷങ്ങളിൽ കാണിക്കുന്നത് ഉടൻ തന്നെ അശ്ലീലമായും, അവളുടെ അന്തസ്സിന് നേരെയുള്ള ഭീഷണിയായും മുദ്രകുത്തപ്പെടുന്നു. ലൈംഗികത എന്നത് സ്ത്രീകൾക്ക് എതിരായ ഒന്നാണെന്ന രീതിയിലാണ് കാര്യങ്ങൾ.

പുരോഗമന ചിന്താഗതിയുള്ള യുവതലമുറക്കിടയിൽ പോലും, ലൈംഗികതയെ തെറ്റായതും സ്ത്രീകൾക്ക് ദോഷകരമായ ഒന്നായുമാണ് ഇപ്പോഴും കാണുന്നത്. ഒരു സ്ത്രീ ലൈംഗികതയിൽ ആനന്ദം കണ്ടെത്തുന്നതോ ശബ്ദങ്ങളും ഭാവങ്ങളും പ്രകടിപ്പിക്കുന്നതോ ഇവിടെ അശുദ്ധമെന്നതുപോലെയാണ് കാണുന്നത്.

നമുക്ക് ‘മായാനദി’യും ‘4 ഇയേഴ്സും’ ഒക്കെ ഉണ്ടായിരുന്നു, ആരും അവയെ സ്ത്രീവിരുദ്ധമെന്നോ അധാർമികമെന്നോ ഫെമിനിസത്തിന് നേരെയുള്ള ആക്രമണമെന്നോ വിളിച്ചില്ല. കാഴ്ചക്കാരന് കുറഞ്ഞത് ഒരു തിരിച്ചറിവെങ്കിലും ഉണ്ടെങ്കിൽ, ഇതിലെ ചർച്ച നഗ്നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ അല്ല, മറിച്ച് നാം അത് കാണാൻ ഉപയോഗിക്കുന്ന കാഴ്ചപ്പാടിനെക്കുറിച്ചാണെന്ന് തിരിച്ചറിയും. അതിനാൽ, ഏതാണ് അടിച്ചേൽപ്പിച്ചത് എന്നും ഏതാണ് സ്വാഭാവികം എന്നും വേർതിരിച്ചറിയാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, പ്രശ്നം നിങ്ങളുടെ സദാചാരബോധത്തിനാണ്.

ഈ വ്യത്യാസം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ, കേരളം എന്നും അതിന്റെ ഈ സദാചാര കുമിളയ്ക്കുള്ളിൽ തന്നെ തുടരും. എന്നും ലൈംഗികത കണ്ട് ഞെട്ടുകയും സ്ത്രീകളെ നിരന്തരം സംശയിക്കുകയും, വിഷയത്തിന്റെ കാമ്പ് എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും.

ലെന അമേരിക്കയിലേക്ക് താമസം മാറിയോ? അഭിനയം നിർത്തിയോ? മറുപടിയുമായി നടി

0
Spread the love

വിവാഹശേഷം അഭിനയം നിർത്തി അമേരിക്കയിലേക്ക് താമസം മാറിയോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നടി ലെന. താൻ ഇപ്പോൾ ഇന്ത്യയിൽ തിരിച്ചെത്തി കൊച്ചിയിൽ താമസിക്കുകയാണെന്ന് നടി വ്യക്തമാക്കി. ജീത്തു ജോസഫ് സംവിധാനംചെയ്യുന്ന ‘വലതുവശത്തെ കള്ളൻ’ എന്ന ചിത്രത്തിലൂടെ താൻ തിരിച്ചുവരികയാണെന്നും നടി അറിയിച്ചു.

‘അടുത്തിടെ ശ്രദ്ധിച്ചതാണ്, ഞാൻ അമേരിക്കയിലേക്ക് താമസം മാറിയതാണോ, അഭിനയത്തിൽനിന്ന് വിട്ടുനിന്നതാണോ എന്ന കാര്യത്തിൽ സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും ആരാധകർക്കും ഒരുപാട് ആശയക്കുഴപ്പമുണ്ട്. ഞാൻ ഇപ്പോൾ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തി കൊച്ചിയിൽ താമസിക്കുന്നു. അഭിനയത്തിലേക്കും തിരിച്ചെത്തിയിട്ടുണ്ട്’, നടി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

‘എന്റെ കം-ബാക്ക് ചിത്രം ‘വലതുവശത്തെ കള്ളൻ’ സംവിധാനംചെയ്ത ജീത്തു ജോസഫിന് ഹൃദയം നിറഞ്ഞ നന്ദി. ചിത്രം ജനുവരി 30-ന് റിലീസ് ചെയ്യും. നിങ്ങൾ നൽകിയ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി’, അവർ കൂട്ടിച്ചേർത്തു.

2024 ജനുവരിയിൽ ലെനയും ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനുമായുള്ള വിവാഹം നടന്നിരുന്നു. വിവാഹവിവരം ഏറെ നാളുകൾക്കുശേഷമായിരുന്നു ലെന പുറത്തുവിട്ടത്. പത്തുമാസത്തോളം ലെന പ്രശാന്തിനൊപ്പം അമേരിക്കയിലായിരുന്നു.

വിക്ടോറിയക്ക് വീണ്ടും അംഗീകാരം; ജാഫ്‌ന അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ മികച്ച നവാഗത ചിത്രത്തിനുള്ള പുരസ്‌ക്കാരം

0
Spread the love

മലയാള ചിത്രമായ വിക്ടോറിയക്ക് ജാഫ്‌ന അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ മികച്ച നവാഗത ചിത്രത്തിനുള്ള പുരസ്‌ക്കാരം. കെഎസ്ഫ്ഡിസി നിർമ്മിച്ച് ശിവരഞ്ജിനി തിരിക്കഥയും സംവിധാനവും നിർവഹിച്ച വിക്ടോറിയക്ക് ഇതിനകം തന്നെ നിരവധി ദേശീയ-അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നടന്ന ഐഫ്ഫ്‌കെയിൽ 2024ലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം നേടി തുടങ്ങിയ യാത്രയാണ് വിക്ടോറിയയുടേത്. പിന്നാലെ ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിൽ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ജയന് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. മുംബൈ വാട്ടർഫ്രന്റ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, സംവിധായിക, ഛായാഗ്രഹണം ഉൾപ്പടെ മൂന്ന് പുരസ്‌ക്കാരങ്ങൾ, സിയോളിൽ നടന്ന വനിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ എക്‌സലൻസി അവാർഡ്, മികച്ച സംവിധാനത്തിനുള്ള പതിനാലാമത് മോഹൻ രാഘവൻ അനുസ്മരണ സിനിമാ പുരസ്‌കാരം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്‌കാരം എന്നിവ വിക്ടോറിയ കരസ്ഥമാക്കി. മലേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും, തായ്‌പോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും സൗത്ത് ആസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് ഫെസ്റ്റിവലിലും കൽക്കത്ത, ധരംശാല ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.

മുഴുവനായും സ്ത്രീ കഥാപാത്രങ്ങളുള്ള ഈ ചിത്രം ബ്യൂട്ടീപാർലർ ജീവനക്കാരിയായ വിക്ടോറിയയുടെ ജീവിതത്തിലൂടെ സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചനക്കൊപ്പം എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് സംവിധായിക ശിവരഞ്ജിനി തന്നെയാണ്. മീനാക്ഷിയെക്കൂടാതെ ശ്രീഷ്മ ചന്ദ്രൻ, ജോളി ചിറയത്ത്, ദർശന വികാസ്, സ്റ്റീജ മേരി ചിറക്കൽ, ജീന രാജീവ്, രമാ ദേവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആനന്ദ് രവി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം അഭയദേവ് പ്രഫുൽ ആണ്. ഗാനരചന ബിലു സി നാരായണൻ. വസ്ത്രാലങ്കാരം- സതീഷ് കുളമട, മേക്കപ്പ്- സന്തോഷ് വെൺപകൽ, പ്രൊഡക്ഷൻ ഡിസൈനർ- അബ്ദുൾ ഖാദർ എ.കെ, സിങ്ക് സൗണ്ട്- കലേഷ് ലക്ഷ്മണൻ, ശബ്ദരൂപകൽപ്പന- രാധാകൃഷ്ണൻ എസ്, സ്മിജിത്ത് കുമാർ പി ബി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- തീർത്ഥാ മൈത്രി, ശബ്ദമിശ്രണം- അനൂപ് തിലക്, വിഎഫ്എക്‌സ്- ദീപക് ശിവൻ, ലൈൻ പ്രൊഡ്യൂസർ- എസ്.മുരുകൻ, കാസ്റ്റിംഗ്- അബു വളയംകുളം, സ്‌ക്രിപ്റ്റ് കൺസൾട്ടന്റ്- അനു കെഎ, സബ്‌ടൈറ്റിൽസ്- ആസിഫ് കലാം, പിആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി, സ്റ്റിൽ ഫോട്ടോഗ്രാഫർ- മൈത്രി ബാബു, ടൈറ്റിൽ- ഹരിയോഡി, ഡിസൈൻ- യെല്ലോ ടൂത്ത്.

കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിൽ പുറത്തിറങ്ങിയ ചിത്രമാണിത്.

പ്രേക്ഷകർ കാത്തിരുന്ന ‘ദൃശ്യം 3’ ഏപ്രിൽ ആദ്യവാരമെത്തും; വെളിപ്പെടുത്തി സംവിധായകൻ

0
Spread the love

മോഹൻലാൽ നായകനായ ‘ദൃശ്യം’ പരമ്പരയിലെ മൂന്നാംഭാഗം ഏപ്രിലിൽ തിയേറ്ററിലെത്തുമെന്ന് സംവിധായകൻ ജീത്തു ജോസഫ്. ചിത്രം ഏപ്രിൽ ആദ്യവാരം റിലീസ് ചെയ്യുമെന്ന് കൊച്ചിയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജീത്തു പറഞ്ഞു. ആദ്യമായാണ് ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് സംവിധായകൻ വെളിപ്പെടുത്തുന്നത്. ‘ദൃശ്യം 3’ ഹിന്ദി റീമേക്കിന്റെ റിലീസ് തീയതി നേരത്തേ പുറത്തുവന്നിരുന്നു.

ദൃശ്യം ആളുകളെ സ്വാധീനിച്ചൊരു സിനിമായായി മാറി. അതിന്റെ ഭാരമുണ്ട്. വലിയ പ്രതീക്ഷകളില്ലാതെ ഏപ്രിൽ ആദ്യവാരം നിങ്ങൾക്ക് വന്ന് ദൃശ്യം 3 കാണാം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. ഇതുവരെ തന്ന എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നു’- ജീത്തു പറഞ്ഞു.

‘ജനുവരി 30-ന് വേറൊരു സിനിമ റിലീസ് ചെയ്യുന്നുണ്ട്. ബിജു മേനോനും ജോജു ജോർജും ഒന്നിച്ചഭിനയിച്ച ‘വലതുവശത്തെ കള്ളൻ’. നല്ലൊരു സിനിമയായിരിക്കും, ഞാൻ വളരേ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ദിവസം ടീസർ പുറത്തിറങ്ങി’- ജീത്തു പറഞ്ഞു. ‘ദൃശ്യം മാത്രമല്ല കേട്ടോ, ഞാൻ വേറേയും സിനിമകൾ ചെയ്യുന്നുണ്ട്’, എന്നും തമാശരൂപേണ അദ്ദേഹം കൂട്ടിച്ചേർത്തു.

ജീത്തു തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ദൃശ്യത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. ചിത്രത്തിന്റെ ആദ്യരണ്ടുഭാഗങ്ങൾ വലിയ വിജയമായിരുന്നു.

അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബറിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളത്തിൽ മുരളി ഗോപി അവതരിപ്പിച്ച വേഷത്തിലെത്തേണ്ടിയിരുന്ന അക്ഷയ് ഖന്ന പിന്മാറിയത് വലിയ വിവാദമായിരുന്നു. അഭിഷേക് പഥക് ആണ് ചിത്രം സംവിധാനംചെയ്യുന്നത്.

അവൻ ചുണ്ടനക്കി എന്തോ മറുപടി പറയാൻ ശ്രമിച്ചു! രാജേഷ് തിരിച്ചുവരുന്ന അന്നായിരിക്കും സുഹൃത്തുക്കൾക്ക് പുതുവർഷാഘോഷം

0
Spread the love

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ഏറ്റവും പുതിയ ആരോഗ്യവിവരം പങ്കുവെച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. രാജേഷ് ആശുപത്രിയിൽക്കഴിയാൻ തുടങ്ങിയിട്ട് നാലുമാസമായെന്ന് പ്രതാപ് സോഷ്യൽ മീഡിയാ കുറിപ്പിൽ പറഞ്ഞു. രാജേഷിന്റെ ഓരോ ചെറിയ പ്രതികരണവും പ്രതീക്ഷ നൽകുന്നതാണ്. ഒരു തിരിച്ചുവരവിന്റെ ആഘോഷം രാജേഷിന്റെ ഉള്ളിലുണ്ട്. രാജേഷ് ജീവിതത്തിലേക്ക് തിരിച്ചുവരുന്ന അന്നായിരിക്കും താനടക്കമുള്ള സുഹൃത്തുക്കൾക്ക് പുതുവർഷാഘോഷമെന്നും പ്രതാപ് ജയലക്ഷ്മി കുറിച്ചു.

പ്രതാപ് ജയലക്ഷ്മിയുടെ കുറിപ്പിന്റെ പൂർണരൂപം:

രാജേഷിന്റെ പുതുവർഷം,

പുതുവത്സരത്തലേന്ന് രാജേഷിനെ കാണാൻ പോകുമ്പോൾ എന്റെ കൂടെ ഞങ്ങളുടെ സുഹൃത്ത്‌ ജെയ് ജേഡനുമുണ്ടായിരുന്നു. അവൻ ഓസ്ട്രേലിയയിൽ നിന്നും വന്നു നേരെ വെല്ലൂരിലേക്ക് ഒരുമിച്ചു പോകുമ്പോൾ ചെറിയ ആശങ്ക. ഊർജസ്വലനായ ചുറു ചുറുക്കുള്ള രാജേഷിനെ നിശബ്ദനായി ബെഡിൽ കാണുമ്പോൾ സഹിക്കാൻ കഴിയുമോ എന്നൊക്കെ ഉള്ള ചില സങ്കടവർത്തമാനം യാത്രയിലുടനീളം അവനെ പിന്തുടരുന്നതായി എനിക്ക് തോന്നി..

അവിടെ എത്തുമ്പോൾ രാജേഷിനെ തെറാപ്പിക്ക് കൊണ്ട് പോകാനുള്ള തിരക്കിലായിരുന്നു രൂപേഷും സിന്ധുവും. തെറാപ്പി റൂമിൽ ഞങ്ങളും കയറി.. സുഹൃത്തുക്കളുടെ ശബ്ദം പരിചിതമായത് കൊണ്ടാവാം അവൻ തെറാപ്പിയിൽ നന്നായി സഹകരിച്ചു.. ഡോക്ടർമാർക്കും തെറാപ്പിസ്റ്റിനും ഹാപ്പി ആയി.. “രാജേഷ് സാർ നൻപൻ വന്തല്ലേ.. നീങ്കൾ ഹാപ്പി ആയി അല്ലെ ” എന്നൊക്കെ തമിഴിലും ഇംഗ്ലീഷിലുമായി അവർ പറഞ്ഞു.. രാജേഷ് ചുണ്ടനക്കി എന്തോ മറുപടി പറയാൻ ശ്രമിച്ചു.. രാജേഷിന്റെ ഓരോ ചെറിയ പ്രതികരണവും ഞങ്ങളിൽ ഉണ്ടാക്കുന്ന ഹോപ്പ് എത്ര വലുതാണെന്നു അവൻ അറിയുന്നുണ്ടോ?

4 മാസം കഴിഞ്ഞിരിക്കുന്നു ഇപ്പോൾ… അവനോടൊപ്പം ആഘോഷിക്കേണ്ട ഓണവും, ക്രിസ്തുമസും, പുതുവർഷവും പെട്ടെന്ന് കടന്ന് പോയിരിക്കുന്നു… കാണേണ്ട സിനിമകളുടെ ലിസ്റ്റ് വീണ്ടും കൂടി…

ചികിത്സാ ചിലവുകൾ ഭരിച്ചതാണ്, ചികിത്സയും നീണ്ടു പോയേക്കാം… പക്ഷേ… ഒരു തിരിച്ചു വരവിന്റെ ആഘോഷം അവന്റെ ഉള്ളിൽ എവിടെയോ ഉണ്ടെന്നു ഒടുവിൽ കണ്ടപ്പോൾ ഞങ്ങൾക്ക് തോന്നി… അന്നായിരിക്കും ഞങ്ങൾക്ക് ആഘോഷം… ഞങ്ങളുടെ പുതു വർഷം… ആ വരവിനായി കാത്തിരിപ്പാണ്…എല്ലാവരെയും പോലെ.. എന്നും സ്നേഹത്തോടെ പ്രാർത്ഥനയോടെ…

2026ലെ ആദ്യ സൂപ്പർ മൂൺ ഇന്ന്! 14% വരെ വലുപ്പത്തിലും 30ശതമാനത്തോളം കൂടുതൽ തിളക്കത്തിലും ഇന്ന് ചന്ദ്രനെ കാണാം..

0
Spread the love

പുതുവർഷപ്പിറവിക്ക് പിന്നാലെ മാനത്ത് അത്ഭുതക്കാഴ്ചകളൊരുക്കി 2026ലെ ആദ്യ സൂപ്പർ മൂൺ എത്തുന്നു. ഇന്ന് രാത്രിയാണ് ‘വുൾഫ് സൂപ്പർ മൂൺ’ പൂർണ്ണരൂപത്തിൽ ദൃശ്യമാകുക. പുലർച്ചെ പതിവിലും കവിഞ്ഞ വലുപ്പത്തിലും തിളക്കത്തിലും ഇന്ന് ചന്ദ്രനെ ആകാശത്ത് കണ്ടുതുടങ്ങിയിരുന്നു.

ഭൂമിയെ വലംവയ്ക്കുന്ന ചന്ദ്രൻ, ഭ്രമണപഥത്തിൽ ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന പ്രതിഭാസത്തെയാണ് സൂപ്പർ മൂൺ എന്ന് വിളിക്കുന്നത്. ഇന്ന് ചന്ദ്രൻ ഭൂമിയിൽ നിന്നും ഏകദേശം 3,62,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും. സാധാരണ പൗർണ്ണമികളേക്കാൾ 14ശതമാനം വരെ വലുപ്പത്തിലും 30ശതമാനത്തോളം കൂടുതൽ തിളക്കത്തിലും ഇന്ന് ചന്ദ്രനെ കാണാം.

ശൈത്യകാലത്തെ തണുത്ത രാത്രികളിൽ ചെന്നായ്ക്കൾ കൂട്ടമായി ഓരിയിടുന്ന സമയത്തെ പൗർണ്ണമിയായതിനാലാണ് പുരാതന ഗോത്രവർഗ്ഗക്കാർ ഈ പ്രതിഭാസത്തെ ‘വുൾഫ് മൂൺ’ എന്ന് വിളിച്ചുപോരുന്നത്.

മറ്റൊരു അപൂർവ്വത കൂടി ഇന്ന് രാത്രി സംഭവിക്കുന്നുണ്ട്. ഭൂമി സൂര്യന് ഏറ്റവും അരികിലെത്തുന്ന പെരിഹെലിയോൺ എന്ന പ്രതിഭാസവുമുണ്ടാകും. ഇന്ത്യൻ സമയം രാത്രി 10.45ഓടെയാണ് ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുക. സൂര്യപ്രകാശം കൂടുതൽ ശക്തമായി ചന്ദ്രനിൽ പതിക്കുന്നതിനാൽ, ഈ വർഷത്തെ ഏറ്റവും തിളക്കമേറിയ പൂർണ്ണചന്ദ്രനാകും വുൾഫ് മൂൺ. സെക്കൻഡിൽ 30.27 കിലോമീറ്റർ എന്ന റെക്കാഡ് വേഗതയിലായിരിക്കും ഈ സമയം ഭൂമിയുടെ സഞ്ചാരം.


ഇന്ത്യയിലുടനീളം ഈ ദൃശ്യവിസ്മയം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. ഇന്ന് വൈകുന്നേരം 5:45 മുതൽ സൂപ്പർ മൂൺ ദൃശ്യമായിത്തുടങ്ങും. ചന്ദ്രന് തൊട്ടടുത്തായി അതിശക്തമായി തിളങ്ങുന്ന വ്യാഴത്തെയും ഇന്ന് ദർശിക്കാനാകുമെന്ന് വാന നിരീക്ഷകർ പറയുന്നു. ഈ വർഷം ആകെ മൂന്ന് സൂപ്പർ മൂണുകളാണ് ആകാശത്ത് തെളിയുക. ടെലിസ്‌കോപ്പോ ബൈനോക്കുലറോ ഉണ്ടെങ്കിൽ ചന്ദ്രനിലെ ഗർത്തങ്ങൾ അടക്കമുള്ള കാഴ്ചകൾ കൂടുതൽ വ്യക്തമായി ആസ്വദിക്കാം.

റീ റിലീസിനൊരുങ്ങി ‘ഉദയനാണ് താരം’; ജനുവരി അവസാനത്തോടെ തീയേറ്ററുകളിൽ എത്തും

0
Spread the love

റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 20 വർഷത്തിനുശേഷം 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുകയാണ്. 2026ൽ ജനുവരി അവസാനത്തോടെ ചിത്രം തീയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം എക്കാലത്തെയും മികച്ച ചിത്രമാണ്. റിലീസ് വേളയിൽ ബോക്സ് ഓഫിസിൽ മികച്ച വിജയവും ഏറെ പ്രേക്ഷക പ്രശംസയും നേടിയ ചിത്രം വീണ്ടും റിലീസിന് എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം കാൾട്ടൺ ഫിലിംസിന്‍റെ ബാനറിൽ സി.കരുണാകരനാണ് നിർമിച്ചത്. ഉദയഭാനുവായി മോഹൻലാലും സരോജ്‌കുമാർ എന്ന രാജപ്പനായി ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രത്തിൽ മീനയായിരുന്നു നായിക. ശ്രീനിവാസനാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്.

ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായുള്ള തകർപ്പൻ പ്രകടനം കാഴ്ചവച്ച സിനിമയിൽ മുകേഷ്, സലിംകുമാർ, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്. ഛായാഗ്രാഹണം നിർവഹിച്ചത് എസ് കുമാറാണ്. ദീപക് ദേവിൻ്റേതാണ് സംഗീതം. ഗാനരചന കൈതപ്രം നിർവഹിച്ചപ്പോൾ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. എ. കെ സുനിലിൻ്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഡിസ്ത്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നത്. എഡിറ്റർ: രഞ്ജൻ എബ്രഹാം, എക്സിക്യൂട്ട് പ്രൊഡ്യൂസർ: കരീം അബ്ദുള്ള, ആർട്ട്: രാജീവൻ, പ്രൊഡക്ഷൻ കൺട്രോളർ: ആൻ്റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇൻചാർജ്: ബിനീഷ് സി കരുൺ, മാർക്കറ്റിങ് ഹെഡ്ഡ്: ബോണി അസനാർ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: മദൻ മേനോൻ, കളറിസ്റ്റ്: രാജ പാണ്ഡ്യൻ(പ്രസാദ് ലാബ്), ഷാൻ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), 4k റീ മാസ്റ്ററിങ്: പ്രസാദ് ലാബ്, മിക്സിംഗ്: രാജാകൃഷ്ണൻ, സ്റ്റിൽസ്: മോമി & ജെപി, ഡിസൈൻസ്: പ്രദീഷ് സമ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts