Home Blog Page 14

‘ആ നല്ല നാൾ ഇനി തുടരുമോ?’ വെള്ളേപ്പത്തിലെ ഗാനം പുറത്ത്; ചിത്രം ജനുവരി 9 ന് തീയേറ്ററുകളിൽ

0
Spread the love

അക്ഷയ് രാധാകൃഷ്ണൻ ഷൈൻ ടോം ചാക്കോ, നൂറിൻ ഷെരീഫ്,റോമ, ശ്രീജിത്ത്‌ രവി, സോഹാൻ സീനലാൽ, ഫാഹിം സഫർ,സുനിൽ പറവൂർ,വൈശാഖ് വിജയൻ, അലീന ട്രീസ, ക്ഷമ കൃഷ്ണ,റോഷ്‌ന റോയ്,ഫിലിപ്പ് തൊകലൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന വെള്ളേപ്പം എന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസൻ ആലപിച്ച ‘ആ നല്ല നാൾ ഇനി തുടരുമോ എന്ന ഗാനം പുറത്തിറങ്ങി.എറിക് ജോൺസന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസന് ഒപ്പം എമി എഡ്വിൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്, വരികൾ ദിനു മോഹൻ.

പുത്തൻ പള്ളിയുടെ പശ്ചാത്തലത്തിൽ പ്രണയത്തിന്റെയും സൗഹൃദങ്ങളുടെയും കഥ പറയുന്ന ചിത്രം ഒറിജിനൽ വെള്ളേപ്പങ്ങടിയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. വളരെ കാലങ്ങൾക്ക് ശേഷം എസ് പി വെങ്കിടേഷ് പശ്ചാത്തല സംഗീതം ഒരുക്കുന്ന ചിത്രമാണ് വെള്ളേപ്പം. വിജയ് യേശുദാസിന്റെ ആലാപനത്തിൽ ഒരു ഗാനവും ചിത്രത്തിൽ ഉണ്ട്.

ലീല എൽ ഗിരീഷ് കുട്ടൻ ഉൾപ്പെടെ മൂന്ന് സംഗീത സംവിധായകർ ആണ് ചിത്രത്തിൽ ഉള്ളത്.
ബറോക് സിനിമാസിനു വേണ്ടി ജിൻസ് തോമസ്, ദ്വാരക് ഉദയശങ്കർ എന്നിവർ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രവീൺ രാജ് പൂക്കാടൻ ആണ്. കഥ തിരക്കഥ ജീവൻ ലാൽ, ശിഹാബ് ഓങ്ങല്ലൂർ ക്യാമറ, എഡിറ്റിങ് രഞ്ജിത് ടച്ച് റിവർ.ജ്യോതിഷ് ശങ്കർ കലാസംവിധാനവും ലിബിൻ മോഹനൻ മേക്കപ്പ്,ഫിബിൻ അങ്കമാലി പ്രൊഡക്ഷൻ കൺട്രോളർ, നിവിൻ മുരളി സ്റ്റിൽസ് എന്നിവരാണ് മറ്റു സാങ്കേതിക വിഭാഗങ്ങളിൽ. പി ആർ ഒ അരുൺ പൂക്കാടൻ .

കോടികളൊന്നും ഇല്ലെങ്കിലും കടം വാങ്ങേണ്ട അവസ്ഥ ഇന്നില്ല! സ്വന്തമായി കാറും മാനേജറും, രേണു സുധിയെ വാഴ്ത്തി അന്ന് വിമർശിച്ച അതേ മലയാളികൾ

0
Spread the love

പ്രമുഖ നടൻ പരേതനായ കൊല്ലം സുധിയുടെ ഭാര്യ എന്നതിനപ്പുറം, സ്വന്തം അധ്വാനം കൊണ്ട് മലയാളികൾക്കിടയിൽ തന്റേതായ ഒരിടം കണ്ടെത്താൻ രേണു സുധിക്ക് സാധിച്ചിട്ടുണ്ട്. ഒരു സാധാരണ വീട്ടമ്മയിൽ നിന്നും സെലിബ്രിറ്റി പദവിയിലേക്കുള്ള രേണുവിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പരിഹാസങ്ങളെയും തളർച്ചകളെയും അതിജീവിച്ച് മുന്നേറുന്ന രേണുവിന്റെ വിജയഗാഥ ഇന്ന് പലർക്കും പ്രചോദനമാണ്.

വെല്ലുവിളികൾ നിറഞ്ഞ തുടക്കം

വെറും 2000-3000 രൂപ ശമ്പളത്തിൽ നിന്നാണ് രേണു തന്റെ കരിയർ ആരംഭിച്ചത്. ഇന്ന് കുടുംബം നോക്കാൻ ആരുടെയും സഹായമില്ലാത്ത അവസ്ഥയിലേക്ക് അവർ വളർന്നു. “കോടികളൊന്നും സമ്പാദ്യമില്ലെങ്കിലും ഇന്ന് കടം വാങ്ങേണ്ട അവസ്ഥയില്ല. ഒരു പെൺകുട്ടി മാനേജറായി കൂടെയുണ്ട് — കാര്യങ്ങളെല്ലാം അവളാണ് നോക്കുന്നത്, ” തന്റെ മാറ്റത്തെക്കുറിച്ച് രേണു അഭിമാനത്തോടെ പറയുന്നു.

സോഷ്യൽ മീഡിയയിൽ റീൽസുകൾ ചെയ്തു തുടങ്ങിയ കാലത്ത് അടുത്ത സുഹൃത്തുക്കളിൽ നിന്ന് പോലും രൂക്ഷമായ വിമർശനങ്ങളാണ് രേണുവിന് നേരിടേണ്ടി വന്നത്. വീട്ടുകാർക്ക് പോലും ഇത് ഇഷ്ടമല്ലെന്നും ഇത്തരം കാര്യങ്ങൾ നിർത്തണമെന്നും പലരും ഉപദേശിച്ചു. എന്നാൽ ആ വാക്കുകൾക്ക് ചെവികൊടുത്ത് അന്ന് വീട്ടിലിരുന്നിരുന്നെങ്കിൽ ഇന്നത്തെ രേണു സുധി ഉണ്ടാകില്ലായിരുന്നു എന്നും രേണു പറയുന്നു. 

ബിഗ് ബോസും കരിയറിലെ വഴിത്തിരിവും
ഏറെ വർഷത്തെ പ്രയത്നം കൊണ്ട് പലരും എത്തിച്ചേരുന്ന ബിഗ് ബോസ് വേദിയിലേക്ക് നേരിട്ടുള്ള ക്ഷണമാണ് രേണുവിനെ തേടിയെത്തിയത്. 35 ദിവസം ആ വീട്ടിൽ നിൽക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും, ബിഗ് ബോസ് അനുഭവം ജീവിതത്തിൽ നേട്ടങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂവെന്നും രേണു വ്യക്തമാക്കുന്നു.

“അന്ന് ഞാൻ വീട്ടിലിരുന്നു പോയിരുന്നെങ്കിൽ ഇന്നത്തെ രേണു സുധിയാകാൻ കഴിയില്ലായിരുന്നു. ബിഗ്‌ബോസ് പോലെയുള്ള ഷോകളിൽ പലരും വർഷങ്ങളുടെ ശ്രമം കൊണ്ടാണ് എത്തുന്നത്; എന്നെ അവിടേക്ക് നേരിട്ട് വിളിക്കുകയായിരുന്നു. 35 ദിവസം വരെ ബിഗ്‌ബോസിൽ നിൽക്കും എന്ന് കരുതിയിരുന്നില്ല. ഇറങ്ങി വന്നതിൽ നിരാശയുമില്ല. ബിഗ്‌ബോസ് കൊണ്ട് എനിക്ക് നഷ്ടമൊന്നുമില്ല — നേട്ടങ്ങൾ മാത്രമാണ് ലഭിച്ചത്.”

“ഉദ്ഘാടനങ്ങളിൽ അതിഥിയായി ക്ഷണിക്കപ്പെടുമെന്നോ ഒരു നാടമുറിക്കാനുള്ള അവസരം ലഭിക്കുമെന്നോ ഒരിക്കൽ പോലും സ്വപ്നത്തിൽ കരുതിയിട്ടില്ല. ആരെന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല. അതിലും വലിയ അനുഭവങ്ങളിലൂടെയാണ് ഞാൻ കടന്നുവന്നത്,” രേണു കൂട്ടിച്ചേർത്തു. 

അഭിമുഖങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട രേണു ഇതിനോടകം മൂന്ന് സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ‘കുരുവി പാപ്പ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ജോഷി ജോൺ ഒരുക്കുന്ന പുതിയ സിനിമയിലും രേണു ഉണ്ട്.  മികച്ച അവസരങ്ങൾ വന്നാൽ സിനിമയിൽ സജീവമായി തുടരാനാണ് രേണുവിന്റെ തീരുമാനം.

സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് അടുത്തിടെ ഒരു പുതിയ സ്വിഫ്റ്റ് കാർ രേണു സ്വന്തമാക്കിയിരുന്നു. ഇല്ലായ്മകളിൽ നിന്ന് വളർന്ന്, സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായ ഒരു സ്ത്രീയുടെ വിജയത്തിന്റെ അടയാളമായി ആ നീല കാറിനെ ആരാധകർ ഏറ്റെടുത്തിരുന്നു.

വിമർശിക്കുന്നവരുടെ വായടപ്പിച്ചുകൊണ്ട്, തന്റെ കരിയർ ഗ്രാഫ് ഉയരങ്ങളിലേക്ക് എത്തിക്കുന്ന തിരക്കിലാണ് രേണു സുധി ഇന്ന്.

പോലീസ് ഫയലുകള്‍ക്ക് നടുവിൽ ഷെയ്ൻ; ഇത്തവണ എസ്.ഐ. വിജയ്

0
Spread the love

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം (Shane Nigam) പോലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന ‘ദൃഢം’ സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. ‘കൊറോണ പേപ്പേഴ്സി’നും ‘വേല’യ്ക്കും ശേഷം വീണ്ടും ശക്തനായ ഒരു പോലീസ് കഥാപാത്രത്തെ ഷെയ്ൻ അവതരിപ്പിക്കും. എസ്.ഐ. വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്. പോലീസ് ഫയലുകള്‍ക്ക് നടുവിൽ ഒരു കേസിന്‍റെ ഫയലുമായി നിൽക്കുന്ന ഷെയ്ൻ ആണ് പോസ്റ്ററിലുള്ളത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്നാണ് ലഭിക്കുന്ന സൂചനകള്‍.

#ACopWithEverythingToProve എന്ന ഹാഷ്ടാഗോടുകൂടി ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ പോസ്റ്ററും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ. ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

E4 എക്സ്പെരിമെന്‍റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്‍റോ ദേവസ്യ എന്നിവർ ചേർന്നാണ്. നവാഗതനായ മാർട്ടിൻ ജോസഫാണ് സംവിധാനം നി‍ർവ്വഹിക്കുന്നത്.

ലൈംഗിക പീഡനക്കേസ്: സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

0
Spread the love

 ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട് വിട്ടയച്ചു. നേരത്തേ കോടതി ഇദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം കുഞ്ഞുമുഹമ്മദ് തള്ളിയിരുന്നു.

ചൊവ്വാഴ്ചയാണ് പി.ടി. കുഞ്ഞുമുഹമ്മദ് കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെത്തിയത്. അദ്ദേഹത്തെ അപ്പോൾത്തന്നെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഈ മാസം 20-നാണ് ലൈംഗികാതിക്രമ കേസിൽ പി.ടി. കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു പി.ടി. കുഞ്ഞുമുഹമ്മദിന്റെ വാദം.

നവംബർ 27-ന് സംവിധായിക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഡിസംബർ എട്ടിനാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞമാസമാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ഐഎഫ്എഫ്കെയുടെ മലയാളസിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള ജൂറി ചെയർമാനായിരുന്നു കുഞ്ഞുമുഹമ്മദ്. സെലക്ഷൻ സ്‌ക്രീനിങ്ങിനിടെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടൽമുറിയിൽ വെച്ച് പി.ടി. കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. വിരുന്ന് സത്കാരത്തിനായി പരാതിക്കാരിയെ ഹോട്ടൽമുറിയിലേക്ക് പി.ടി. കുഞ്ഞുമുഹമ്മദ് വിളിച്ചുവരുത്തുകയും തുടർന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നും പരാതിയിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ചലച്ചിത്രപ്രവർത്തക ഇ-മെയിലിലൂടെ പരാതി നൽകിയത്. നവംബർ 27-ന് പരാതി നൽകിയെങ്കിലും ഡിസംബർ രണ്ടിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി പോലീസിന് കൈമാറിയത്. തുടർന്ന് ദിവസങ്ങൾക്കുശേഷം ഡിസംബർ എട്ടിന് മാത്രമാണ് കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുക്കാൻ വൈകിയതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.

സർക്കാർ തിയേറ്ററുകൾക്ക് ജനുവരി മുതൽ സിനിമ നൽകില്ല; നിസ്സഹകരണത്തിന് ഫിലിം ചേംബർ

0
Spread the love

സർക്കാരുമായി നിസ്സഹകരണത്തിനൊരുങ്ങി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്. സർക്കാർ തിയേറ്ററുകൾക്ക് സിനിമ പ്രദർശനത്തിന് നൽകേണ്ടെന്നാണ് തീരുമാനം. കെഎസ്എഫ്ഡിസിയുടെ ഉടമസ്ഥതയിലുള്ള തിയേറ്ററുകൾ പൂർണ്ണമായും ബഹിഷ്‌കരിക്കാനാണ് തീരുമാനം. ജനുവരി മുതൽ സർക്കാരുമായി യാതൊരു സഹകരണവുമില്ലെന്നും ചേംബർ അറിയിച്ചു.

സിനിമ വ്യവസായത്തിൽനിന്ന് നികുതിയിനത്തിൽ വലിയ വരുമാനം ലഭിച്ചിട്ടും സർക്കാരിൽനിന്ന് മേഖലയ്ക്ക് അനുകൂലമായ നടപടികളൊന്നുമുണ്ടാവില്ലെന്ന് കാണിച്ചാണ് ഫിലിം ചേംബറിന്റെ തീരുമാനം. പ്രസിഡന്റ് അനിൽ തോമസാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

പത്തുവർഷമായി സർക്കാരിന് മുന്നിൽവെച്ച ആവശ്യങ്ങളിൽ ഇതുവരെ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഫിലിം ചേംബർ ആരോപിക്കുന്നു. സർക്കാർ തിയേറ്ററുകളുടെ ബഹിഷ്‌കരണം സൂചനാ സമരം മാത്രമാണ്. കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ഫിലിം ചേംബർ അറിയിച്ചു. ജിഎസ്ടിക്ക് പുറമേയുള്ള വിനോദനികുതി എടുത്തുകളയണം, വൈദ്യുതി നിരക്കിൽ പ്രത്യേക താരിഫ് അനുവദിക്കണം തുടങ്ങിയവയാണ് ചേംബറിന്റെ പ്രധാന ആവശ്യങ്ങൾ.

സ്വർണം മാത്രമല്ല, പഞ്ചലോഹ വിഗ്രഹക്കടത്തും?; ആരാണ് ‘ഡി മണി’?: ശബരിമല ബന്ധം അന്വേഷിച്ച് എസ്‌ഐടി

0
Spread the love

ശബരിമല സ്വര്‍ണക്കവര്‍ച്ചയ്ക്കു പിന്നാലെ പഞ്ചലോഹ വിഗ്രഹക്കടത്തു സംബന്ധിച്ച നിര്‍ണായക വിവരങ്ങളും പുറത്ത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധമുള്ള പ്രവാസി വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയിലാണ് വിഗ്രഹക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍നിന്നാണോ വിഗ്രഹങ്ങള്‍ കടത്തിയതെന്നതുള്‍പ്പെടെ അന്വേഷിക്കും. സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായെന്നും വിഗ്രഹങ്ങള്‍ വാങ്ങിയത് ‘ഡി മണി’ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണെന്നുമാണു മൊഴിയില്‍ പറയുന്നത്. 

2019–2020 കാലഘട്ടത്തിൽ വിഗ്രഹക്കടത്ത് നടന്നതായാണ് വ്യവസായി പറഞ്ഞിരിക്കുന്നത്. ‘ഡി മണി’ ആരാണ് എന്നതിനെക്കുറിച്ചും എസ്‌ഐടിക്കു വിവരം കൈമാറിയിട്ടുണ്ട്. 2020 ഒക്‌ടോബര്‍ 26ന് ഡി മണി തിരുവനന്തപുരത്ത് നേരിട്ടെത്തി ശബരിമലയുമായി അടുത്ത ബന്ധമുള്ള ഉന്നതനാണു പണം കൈമാറിയതെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റിയും സ്ഥലത്തുണ്ടായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യം ഹോട്ടലില്‍ എത്തി കച്ചവടം ഉറപ്പിച്ചു പണം കൈമാറുകയും തുടര്‍ന്ന് നാല് ഘട്ടങ്ങളിലായി പഞ്ചലോഹ വിഗ്രഹങ്ങള്‍ കൈമാറിയെന്നാണ് മൊഴിയില്‍ പറയുന്നത്. വ്യവസായി പരാമര്‍ശിച്ച ഡി മണി പുരാവസ്തുക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. 

ശബരിമല സ്വര്‍ണക്കവര്‍ച്ചയുടെ അന്വേഷണത്തിനിടയിലാണ് പുരാവസ്തുക്കടത്തു സംഘത്തിനു ബന്ധമുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. വിദേശത്തുള്ള ഒരു വ്യവസായിയാണു വിവരം നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി വ്യവസായിയുടെ മൊഴി രേഖപ്പെടുത്തിയത്.

അടിസ്ഥാന പൗരസ്വഭാവം അറിയാത്ത ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഒരു നടിയുടെ ജോലിയല്ല -ചിന്മയി

0
Spread the love

ഹൈദരാബാദിൽ പൊതുപരിപാടിക്ക് എത്തിയ നടി സാമന്തയെ ജനക്കൂട്ടം വളഞ്ഞതിനെതിരെ പ്രതികരണവുമായി ഗായിക ചിന്മയി. ജനക്കൂട്ടത്തെ നിയന്ത്രിക്കാത്തതിനെ വിമർശിച്ച അവർ മോശം ആസൂത്രണവും അടിസ്ഥാന പൗര മര്യാദയില്ലായ്മയും കാരണം താരങ്ങളെ എന്തിനാണ് തുടർച്ചയായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിർത്തുന്നതെന്ന് ചോദിച്ചു.

ജൂബിലി ഹിൽസിൽ ഒരു വസ്ത്രവ്യാപാരശാല ഉദ്ഘാടനം ചെയ്യാനാണ് സാമന്ത എത്തിയത്. നടി വരുന്നുവെന്നറിഞ്ഞതോടെ ധാരാളം ആരാധകരും കാഴ്ചക്കാരും പരിപാടി നടക്കുന്ന സ്ഥലത്തിന് പുറത്ത് തടിച്ചുകൂടി. സുരക്ഷാ ക്രമീകരണങ്ങളും ഇതോടെ താളംതെറ്റി. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് രൂക്ഷമായ ഭാഷയിൽ പ്രതികരണവുമായി ചിന്മയി രംഗത്തെത്തിയത്.

“സാമന്തയുടെ ടീം അംഗം ആര്യ ഉൾപ്പെടെയുള്ളവർ, മുഴുവൻ ശക്തിയും ഉപയോഗിച്ച് അവരെ സംരക്ഷിക്കുകയാണ്. അദ്ദേഹത്തിന് പരിക്കേറ്റിരിക്കാം. അടിസ്ഥാന പൗര സ്വഭാവം അറിയാത്ത ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഒരു നടിയുടെ ജോലിയല്ല,” ചിന്മയി എഴുതി.

വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് തിരിച്ചുപോകുംവഴിയാണ് സാമന്തയ്ക്ക് ആരാധകരിൽനിന്ന് മോശം അനുഭവമുണ്ടായത്. നടിക്കുനേരെ ആരാധകർ തിക്കിത്തിരക്കിയെത്തി. ആരാധകക്കൂട്ടത്തിൽനിന്ന് ഒരാൾ നടിക്കുമേലേക്ക് വീഴാനൊരുങ്ങി. ഇയാൾ നടിയുടെ സാരിയിൽ ചവിട്ടിവീഴുകയും ചെയ്തു. നടി സമചിത്തതയോടെയാണ് ആരാധകരുടെ സമീപനത്തെ നേരിട്ടത്.

പ്രഭാസ് നായകനാകുന്ന ‘ദി രാജാസാബ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ നടി നിധി അഗർവാളിനെതിരേ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം വലിയ ചർച്ചയായിരുന്നു. ഹൈദരാബാദിൽ ചടങ്ങിനുശേഷം തിരികെ പോവുകയായിരുന്ന നടി ആരാധകരുടെ തിരക്കിൽപ്പെട്ടുപോവുകയായിരുന്നു. തിരക്കിനിടെ നടിയെ എത്തിത്തൊടാനും വസ്ത്രം പിടിച്ചുവലിക്കാനും ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് നടി സാമന്തയ്ക്കും സമാന അനുഭവമുണ്ടായത്.

ശ്രീനിവാസൻ ഇനി ഓർമ! സംസ്കാരം നടന്നത് പൂർണ ഔദ്യോഗിക ബഹുമതികളോടെ, മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ

0
Spread the love

 മലയാളത്തിന്‍റെ അതുല്യ കലാകാരന്‍ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്‍റെ  ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയിൽ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി ധ്യാൻ അച്ഛനെ അഭിവാദ്യം ചെയ്തു.

മലയാളക്കരയാകെ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ചു. കലാസാംസ്കാരിക രംഗത്തെ പ്രമുഖർ സംസ്കാര ചടങ്ങിലേക്കെത്തി. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപ്തരിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരെത്തിയിരുന്നു.

മരണത്തെ വലിയൊരു സംഭവമാണെന്ന് വിചാരിക്കേണ്ട ആവശ്യമില്ല; എനിക്ക് പേടിയേ തോന്നിയില്ല, അന്ന് ശ്രീനിവാസൻ പറഞ്ഞത്

0
Spread the love

ടൻ ശ്രീനിവാസൻ്റെ വിയോഗത്തിൻ്റെ ഞെട്ടലിലാണ് ചലച്ചിത്രലോകം. ആയിരക്കണക്കിന് പേരാണ് തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാനായി ഒഴുകിയെത്തുന്നത്. ഈ സാഹചര്യത്തിൽ ശ്രീനിവാസൻ മുമ്പ് മരണത്തെക്കുറിച്ച് പങ്കുവെച്ച വാക്കുകളും  ശ്രദ്ധനേടുകയാണ്. മരണത്തെ നമ്മൾ പർവതീകരിച്ച് വലിയൊരു സംഭവമാണെന്ന് വിചാരിക്കേണ്ട ആവശ്യമില്ലെന്നാണ് ശ്രീനിവാസൻ അന്ന് പറഞ്ഞത്.

2019-ൽ ദേഹാസ്വാസ്ഥ്യമുണ്ടായപ്പോൾ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവശിപ്പിച്ചിരുന്നു. 24 മണിക്കൂർ കഴിഞ്ഞാണ് അന്ന് അദ്ദേഹം ബോധത്തിലേക്ക് തിരികെ വന്നത്. വിം.എം. വിനു സംവിധാനം ചെയ്ത കുട്ടിമാമ എന്ന ചിത്രത്തിനായി ഡബ്ബ് ചെയ്യുന്നതിനിടെയായിരുന്നു ശ്വാസം മുട്ടൽ ഉണ്ടായത്. പിന്നീട് ആരോഗ്യം വീണ്ടെടുത്തപ്പോൾ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് മരണത്തേക്കുറിച്ച് ശ്രീനിവാസൻ സംസാരിച്ചത്.

ശ്രീനിവാസന്റെ വാക്കുകളിലേക്ക്…

‘സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് എനിക്ക് ശ്വാസം മുട്ടൽ ഉണ്ടായത്. വിനുവാണ് എന്‍റെ ജീവൻ തിരിച്ചുകൊണ്ടുവന്നത്. മരണത്തെ നമ്മൾ പർവതീകരിച്ചിട്ട് വലിയൊരു സംഭവമാണെന്ന് വിചാരിക്കേണ്ട ആവശ്യമില്ല. കുട്ടിമാമ എന്ന സിനിമയ്ക്കായി ഡബ്ബിങ് തിയേറ്ററിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് എനിക്ക് ശ്വാസം മുട്ടൽ ഉണ്ടായത്. 

ശ്വാസം മുട്ടിയപ്പോൾ വിനു ഹോസ്പിറ്റലിൽ പോണോ എന്ന് ചോദിച്ചു. ഹോസ്പിറ്റലിൽ ഒന്നും പോകേണ്ട എന്ന് ഞാൻ നിർബന്ധം പിടിച്ചു. പക്ഷേ ശ്വാസം മുട്ടൽ കൂടുതലായി. ഞാൻ ഹോസ്പിറ്റലിൽ പോകേണ്ട എന്ന് പറയുമ്പോഴും വിനു എന്റെ പ്രതിഷേധം അല്ലെങ്കിൽ നിഷേധം വകവെക്കാതെ വേറെ ആരൊക്കെയോ കൂടിയിട്ട് എന്നെ നിർബന്ധമായിട്ട് പിടിച്ചിറക്കി കൊണ്ടുപോയി. അവസാനം കാറിൽ കയറ്റി തൊട്ടടുത്തുള്ള എറണാകുളം മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോവുയാണ് ചെയ്തത്.  ബൈപ്പാസിലേക്ക് കയറുന്നതിനു മുമ്പുള്ള കാക്കനാട് നിന്ന് വരുന്ന റോഡ് ഉണ്ടല്ലോ… ലാൽമീഡിയിൽ നിന്ന് വരുമ്പോൾ ആ റോഡിലൂടെ വാഹനം ഇങ്ങനെ പോകുന്നത് മാത്രമാണ് എന്റെ ഓർമ്മയിൽ ഉള്ളത്. പിന്നെ എനിക്ക് ബോധമില്ല. ബോധം വരുന്നത് ഏകദേശം 24 മണിക്കൂർ കഴിഞ്ഞിട്ടാ. 

അപ്പൊ ഇതിനിടയിൽ വേണമെങ്കിൽ മരിച്ചു  പോകാം. അപ്പൊ എനിക്ക് ഒരു കാര്യം മനസ്സിലായി മരിക്കാൻ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട, ബോധം പോയ ആ ഘട്ടം തന്നെ വേണെങ്കിൽ ചില ആൾക്കാർ മരണം വലിയൊരു സംഭവമായിട്ട് എടുക്കുമല്ലോ അതിൻ്റെയൊന്നും കാര്യമൊന്നുമില്ല. മരണം എന്ന് പറയുന്നത് ഒഴിവാക്കാൻ പറ്റാത്ത നിസ്സാരമായ ഒരു കാര്യമാണെന്ന് വേണമെങ്കിൽ നമുക്ക് കരുതാവുന്നതാണ്. മരണത്തെ നമ്മൾ പർവതീകരിച്ചിട്ട് വലിയൊരു സംഭവമാണെന്ന് വിചാരിക്കേണ്ട ആവശ്യമില്ല. പലരും പേടിക്കില്ലേ അതെന്തിനാണ് പേടിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത്. എനിക്ക് പേടിയേ തോന്നിയില്ല ഇത്രയേ ഉള്ളല്ലോ മരണം എന്നാണ് തോന്നിയത്. അപ്പോ ഞാൻ വിനുവിനോട് പറഞ്ഞത് വിനുവാണ് എന്‍റെ ജീവൻ തിരിച്ചുകൊണ്ടുവന്നത് അതുകൊണ്ട് ഇനി അങ്ങോട്ടുള്ള എന്‍റെ ജീവിത ചെലവൊക്കെ വിനു വഹിക്കണം.

എന്നെ ജീവിപ്പിച്ച പുള്ളിയല്ലേ അപ്പൊ പിന്നെ ഇനിയുള്ള കാര്യങ്ങൾക്കൊക്കെ പുള്ളി ഉത്തരവാദിയാണ്. സ്വാഭാവികമായും പുള്ളി മാത്രമാണ് എന്റെ ജനനത്തിന് ഉത്തരവാദി. സാധാരണ മക്കൾ ഉണ്ടായി കഴിഞ്ഞാൽ അച്ഛനും അമ്മയുമല്ലേ ഉത്തരവാദികൾ. അതുപോലെ എന്റെ ജീവൻ രക്ഷിച്ചത് വിനുവാണ്. അവിടെ വെച്ച് ഞാൻ പറഞ്ഞു ഇനിയുള്ള ജീവിതത്തിനുള്ള എല്ലാ ചെലവും വിനു വഹിക്കണം എന്ന്. അത് പുള്ളി ചെയ്യുമോ എന്ന് എനിക്കറിയില്ല.’

അച്ഛന്റെ ആത്മസുഹൃത്ത്; കൂടെ അഭിനയിച്ചിട്ടില്ല പക്ഷേ വീട്ടിലെ ഒരാളെപ്പോലെയായിരുന്നു, ശ്രീനിവാസനെ കുറിച്ച് ഷമ്മി തിലകൻ

0
Spread the love

ശ്രീനിവസന്റെ വിയോഗത്തിൽ വികാരാധീനനായി പ്രതികരിച്ച് നടൻ ഷമ്മി തിലകൻ. ശ്രീനിവാസനൊപ്പം അഭിനയിച്ചിട്ടില്ലെങ്കിലും ഒരു ആത്മസുഹൃത്തിനെ നഷ്ടപ്പെടുന്ന വേദനയാണ് ഇപ്പോൾ തോന്നുന്നതെന്ന് ഷമ്മി തിലകൻ പറയുന്നു. തന്റെ പിതാവ് തിലകനുമായുള്ള ശ്രീനിവാസന്റെ സൗഹൃദത്തെ കുറിച്ചും ഷമ്മി സംസാരിച്ചു.

‘ഞാൻ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടില്ല. അച്ഛന്റെ സുഹൃത്ത് എന്ന നിലയിലാണ് കൂടുതൽ അദ്ദേഹത്തെ അറിയുന്നത്. ഞാൻ അധികം കണ്ടിട്ടില്ലെങ്കിലും എന്നും കണ്ടുകൊണ്ടിരിക്കുന്ന ഒരാളെപ്പോലെ ഒരു ആത്മബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. ഇപ്പോഴാണ് ആ ബന്ധത്തിന്റെ ആഴം മനസിലാകുന്നത്. ഒരു ദിവസം അച്ഛന്റെ കൂടെ സന്ദേശത്തിന്റെ ലൊക്കേഷനിൽ ശ്രീനി ഏട്ടനെ ചെന്ന് കണ്ടിരുന്നു. അച്ഛനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഓർക്കുമ്പോൾ വലിയ നഷ്ടബോധമുണ്ടാക്കുന്ന കാര്യമാണിത്.’-ഷമ്മി തിലകൻ പറയുന്നു.

സ്‌ക്രീനിലെ വേഷങ്ങൾ മാറിപ്പോകാമെന്നും എന്നാൽ ഹൃദയത്തിൽ ചേർത്ത സ്‌നേഹവും സൗഹൃദവും കാലത്തിനും മരണത്തിനും അതീതമാണെന്നും ഷമ്മി തിലകൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. വീട്ടിലെ ഒരാളെപ്പോലെയായിരുന്നുവെന്നും സിനിമയ്ക്കപ്പുറമുള്ള ബന്ധമായിരുന്നു അതെന്നും ഷമ്മി കുറിപ്പിൽ പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts